മുംബൈ: നെഹ്രു-ഗാന്ധി കുടുംബത്തിലെ ഭരണാധികാരികൾ കെട്ടിപ്പടുത്ത അടിസ്ഥാനസംവിധാനത്തിന്റെ സഹായത്തോടെയാണ് ഇന്ത്യ ദുരിതഘട്ടങ്ങളെ തരണംചെയ്യുന്നതെന്ന് ശിവസേന അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിസർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് ചെറുരാജ്യങ്ങളുടെ പോലും സഹായം തേടേണ്ട ഗതി വന്നിരിക്കുകയാണെന്ന് പാർട്ടി മുഖപത്രമായ ‘സാമ്‌ന’ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

ഇന്ത്യയിൽനിന്നുള്ള കോവിഡ് വ്യാപനം ലോകത്തിന് ഭീഷണിയാണെന്നും രോഗപ്രതിരോധത്തിന് എല്ലാരാജ്യങ്ങളും സഹായിക്കണമെന്നും യൂണിസെഫ് പറഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ മോദിയുടെ ‘ആത്മനിർഭർ’ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്താൻ, റുവാൺഡ, കോംഗോ തുടങ്ങിയ രാജ്യങ്ങൾക്ക് സഹായമെത്തിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങളാണ് രാജ്യത്തെ ഈയവസ്ഥയിലെത്തിച്ചത്. അയൽപക്കത്തെ ചെറുരാജ്യങ്ങൾപോലും സഹായവുമായെത്തിയിട്ടും കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻപോലും സർക്കാർ തയ്യാറായിട്ടില്ല -മുഖപ്രസംഗം ചൂണ്ടിക്കാണിച്ചു.

പണ്ഡിറ്റ് ജവാഹർലാൻ നെഹ്രുവും ഇന്ദിരാഗാന്ധിയും മൻമോഹൻ സിങ്ങും അടക്കമുള്ള പ്രധാനമന്ത്രിമാർ കഴിഞ്ഞ 70 വർഷംകൊണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളുപയോഗിച്ചാണ് ദുർഘടഘട്ടങ്ങളെ ഇന്ത്യ അതിജീവിക്കുന്നത്. വ്യക്തമായിപ്പറഞ്ഞാൽ നെഹ്രു-ഗാന്ധി കുടുംബത്തിലെ ഭരണാധികാരികൾ കാരണമാണ് ഇന്ത്യ നിലനിൽക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുകയും മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനിൽക്കുകയുംചെയ്യുമ്പോഴും പശ്ചിമബംഗാളിൽ മമതാ ബാനർജിയെ നേരിടുന്നതിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. മഹാമാരിയെ നേരിടുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ പ്രധാന രാഷ്ട്രീയകക്ഷികളെയെല്ലാം ഉൾപ്പെടുത്തി ദേശീയസമിതിക്കു രൂപം നൽകുകയാണ് ദേശീയബോധമുള്ള ഏതൊരു സർക്കാരും ചെയ്യുക -മുഖപ്രസംഗം അഭിപ്രായപ്പെട്ടു.

Content Highlight;  India surviving on system created by Nehru-Gandhi Family, Shiv Sena