ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈലായ ‘രുദ്രം-1’ വ്യോമസേന വിജയകരമായി പരീക്ഷിച്ചു.

പുതുതലമുറ ആന്റി റേഡിയേഷൻ മിസൈലായ (എൻ.ജി.എ.ആർ.എം) രുദ്രത്തിന് ശബ്ദത്തിന്റെ രണ്ടിരട്ടിയാണു വേഗം. ശത്രുരാജ്യങ്ങളുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അതിവേഗം തകർക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.

ഒഡിഷ തീരത്തെ ബാലസോറിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു പരീക്ഷണം. സുഖോയ്-30 യുദ്ധവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമാണ് (ഡി.ആർ.ഡി.ഒ.) മിസൈൽ വികസിപ്പിച്ചത്.

വിവിധ ശ്രേണിയിലുള്ള റേഡിയേഷൻ ഉറവിടങ്ങളെ അതിവേഗം തിരിച്ചറിയാനുള്ള ശേഷിയും മിസൈലിനുണ്ട്. ശത്രു റഡാറിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതിനു ശേഷവും ആവശ്യമെങ്കിൽ മിസൈലിന്റെ ലക്ഷ്യം പുനഃക്രമീകരിക്കാൻ സാധിക്കും. മിസൈൽ വിക്ഷേപിച്ചതിനുശേഷം ശത്രുക്കൾ അവരുടെ റഡാർ പ്രവർത്തന രഹിതമാക്കിയാലും ലക്ഷ്യത്തിലെത്തി അതിനെ ചാരമാക്കാനും കഴിയും. 250 കിലോമീറ്റർ പരിധിക്കുള്ളിലെ ലക്ഷ്യങ്ങളെ തകർക്കാനുള്ള ശേഷിയുണ്ട്.