ബഹിരാകാശത്ത് കരുത്തുകാട്ടി ‌ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ഉപഗ്രഹവേധ മിസൈൽ ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭ്രമണപഥത്തിൽ അതിവേഗം സഞ്ചരിച്ചിരുന്ന ഉപഗ്രഹത്തെ തകർത്തതോടെ, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുമാത്രം അവകാശപ്പെടാനുണ്ടായിരുന്ന നേട്ടം ഇന്ത്യയും സ്വന്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ അസാധാരണ നടപടിയിലൂടെ, രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരീക്ഷണവിവരം പ്രഖ്യാപിച്ചത്. ‘മിഷൻ ശക്തി’ എന്ന ദൗത്യം മൂന്ന് മിനിറ്റിനുള്ളിൽ ലക്ഷ്യംകണ്ടെന്നും ഇത് ചരിത്രമുഹൂർത്തമാണെന്നും മോദി പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15-നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാവിലെ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നിരുന്നു. തുടർന്ന് സുപ്രധാനമായ ഒരു വിവരം രാജ്യത്തെ അറിയിക്കാനുണ്ടെന്നും അതിനായി താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

അഞ്ചുവർഷത്തെ ഭരണത്തിനിടെ രണ്ടാംവട്ടമാണ് സർക്കാരിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിക്കാനായിരുന്നു ആദ്യം. ബുധനാഴ്ചയും പ്രസംഗത്തിനുമുമ്പ് ഒട്ടേറെ അഭ്യൂഹങ്ങൾ പരന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമറിയാൻ രാജ്യം ഒരു മണിക്കൂറോളം ആകാംക്ഷയുടെ മുൾമുനയിൽനിന്നു.

ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതോടെ ഇന്ത്യ ബഹിരാകാശത്തെ വൻ ശക്തിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കരയിലും കടലിലും ആകാശത്തും മാത്രമല്ല, ബഹിരാകാശത്തുനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനും ഇന്ത്യയ്ക്ക് ഇനി കഴിയും. ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കിമാറ്റാൻ ശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷമായി ഒട്ടേറെ ബഹിരാകാശ പദ്ധതികൾ ഇന്ത്യ നടത്തിവരുകയാണെന്നും ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് പരീക്ഷണം നടപ്പാക്കിയതെന്നും വിദേശകാര്യമന്ത്രാലയം പിന്നീടറിയിച്ചു. ഇന്ത്യയ്ക്ക് ബഹിരാകാശം കാത്തുസൂക്ഷിക്കാനുള്ള കഴിവുണ്ടോയെന്ന് പരീക്ഷിക്കുകയായിരുന്നു ഇതിലൂടെയെന്നും വ്യക്തമാക്കി.

തകർത്തത് 300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തെ

ഒഡിഷയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഐലൻഡ് ലോഞ്ച് കോംപ്ലക്‌സിലാണ് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയത്. അതിവേഗം സഞ്ചരിക്കുന്ന ഉപഗ്രഹത്തെ തകർക്കാൻ ശേഷിയുള്ള ആന്റി സാറ്റലൈറ്റ് മിസൈൽ ഉപയോഗിച്ച് 300 കിലോമീറ്റർ ഉയരത്തിൽ ഭ്രമണംചെയ്തിരുന്ന ഇന്ത്യയുടെ തന്നെ ഉപഗ്രഹത്തെയാണ് തകർത്തത്. പ്രതിരോധ ഗവേഷണ-വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ.) തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്റർസെപ്റ്റർ ആണ് ഇതിനുപയോഗിച്ചത്. മൂന്ന് മിനിറ്റിനുള്ളിൽ ദൗത്യം ലക്ഷ്യംകണ്ടു.

സുരക്ഷയാണ് പ്രധാനം

സമാധാനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ ശക്തി ആർജിച്ചത്. ഒരു രാജ്യത്തിനുമെതിരേ മിസൈൽ പ്രയോഗിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഈ നീക്കം ഏതെങ്കിലും ഒരു രാജ്യത്തിന് എതിരല്ലെന്ന് ലോകസമൂഹത്തിന് ഉറപ്പുനൽകുന്നു. ബഹിരാകാശം സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. യുദ്ധാന്തരീക്ഷമുണ്ടാക്കാനല്ല, സമാധാനം ഉറപ്പാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്

-പ്രധാനമന്ത്രി നരേന്ദ്ര മോദി

Content Highlights: India successfully shoots down satellite in space