ന്യൂഡൽഹി: ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് ട്വിറ്ററിൽ തുടക്കമിട്ട് ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യ യുണൈറ്റഡ്, ഇന്ത്യ എഗെയിൻസ്റ്റ് പ്രൊപ്പഗാൻഡ എന്ന ഹാഷ്ടാഗിലാണ് പ്രചാരണം തുടങ്ങിയത്. കർഷകസമരത്തിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണയേറുകയും ഇന്റർനെറ്റ് തടസ്സപ്പെടുത്തിയതിലും മറ്റും പ്രതികരണവുമായി പ്രശസ്തരെത്തുകയുംചെയ്ത സാഹചര്യത്തിലാണ് ഷായുടെ പുതിയ നീക്കം.

പ്രചാരണങ്ങൾക്ക് ഇന്ത്യയുടെ ഐക്യം തകർക്കാനാവില്ല. പുതിയ ഉയരങ്ങൾ കീഴടക്കുന്നതിന് ഒരു പ്രചാരണവും വിലങ്ങാവില്ല. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് പ്രചാരണങ്ങളല്ല, പുരോഗതിയാണ്. പുരോഗതിക്കായി രാജ്യം ഒറ്റക്കെട്ട്, എന്ന് അമിതാ ഷാ ട്വീറ്റിൽ കുറിച്ചു. കേന്ദ്ര മന്തിമാരായ പീയൂഷ് ഗോയൽ, സ്മൃതി ഇറാനി എന്നിവർക്കൊപ്പം ബോളിവുഡിൽനിന്നും കരൺ ജോഹർ, അജയ് ദേവ്ഗൺ, അക്ഷയ്‌കുമാർ തുടങ്ങിയവരും ട്വിറ്റർ പ്രചാരണത്തിന്റെ ഭാഗമായി.

Content Highlight: India Stands United" twitter campaign by Amit Shah