ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ കോവിഡ് പ്രതിരോധകുത്തിവെപ്പില്‍ നാഴികക്കല്ലുപാകി രാജ്യം. വെള്ളിയാഴ്ച രണ്ടരക്കോടിയിലേറെപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കി ലോകത്ത് ഒരുദിവസം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ചൈന ജൂണ്‍ 24-ന് 2.47 കോടി വാക്‌സിന്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ 79.33 കോടി കവിഞ്ഞു. ഇതില്‍ 20 കോടിയോളം പേര്‍ക്ക് രണ്ടുഡോസ് ലഭിച്ചു. കോവിന്‍ രജിസ്ട്രേഷന്‍ 65.95 കോടി പേര്‍ നടത്തി.

കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും 10 ലക്ഷത്തോളം പരിശീലനം ലഭിച്ച പ്രവര്‍ത്തകരും സാമൂഹികമാധ്യമങ്ങളിലും നേരിട്ടും സജീവപ്രചാരണവുമായി രംഗത്തിറങ്ങിയതോടെ രാവിലെ 11.30-ഓടെത്തന്നെ വാക്‌സിനേഷന്‍ ഒരു കോടി പിന്നിട്ടിരുന്നു. രണ്ടുകോടി കടന്നതോടെ യജ്ഞം പുരോഗമിക്കുകയാണെന്നും പുതിയ റെക്കോഡിട്ട് പ്രധാനമന്ത്രിക്ക് സമ്മാനമായി സമര്‍പ്പിക്കുമെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. നാലാംതവണയാണ് ദിനം പ്രതിയുള്ള വാക്‌സിനേഷന്‍ ഒരുകോടി കടക്കുന്നത്.

ജനുവരി ആറിനാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്. 10 കോടി കടക്കാന്‍ 85 ദിവസം വേണ്ടിവന്നിരുന്നു. സെപ്റ്റംബര്‍ 13-നാണ് 75 കോടി കടന്നത്. അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വേഗത്തില്‍ 100 ശതമാനം വാക്‌സിനേഷന്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

Content Highlights: India's New World Record: Over 2.5 Crore Vaccinated on PM's Birthday