അഹമ്മദാബാദ്: കോവിഡുമൂലമുണ്ടായ തിരിച്ചടിയെക്കാൾ ശക്തമായ അതിജീവനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. ലോകത്തിലെ വലിയ സാമ്പത്തികശക്തികളായ രാജ്യങ്ങൾ പ്രതിരോധത്തിലേക്ക് നീങ്ങിയപ്പോൾ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോയതാണ് ഇന്ത്യക്ക് മെച്ചമായതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗറിൽ പട്ടേൽസമുദായത്തിന്റെ സർദാർധാംഭവന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് പ്രഭാഷണം നടത്തുകയായിരുന്നു മോദി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾപ്രകാരം ഈ സാമ്പത്തികവർഷം ഏപ്രിൽ-ജൂൺ പാദത്തിൽ സാമ്പത്തികവളർച്ച 20.1 ശതമാനമായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ 24.4 ശതമാനമായി ജി.ഡി.പി. ചുരുങ്ങിയതാണ്.

‘‘ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കോവിഡ് ബാധിച്ചു. പക്ഷേ, നമുക്ക് ശക്തമായി തിരിച്ചുവരാനായി. വിപണനശൃംഖലകൾ തകർന്നപ്പോൾ ഉത്‌പാദനത്തിന് ഉത്തേജകം നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ചതാണ് നേട്ടമായത്’’ -അദ്ദേഹം പറഞ്ഞു. തുണി, വാഹന വ്യവസായങ്ങളടക്കം പത്തുമേഖലകളിൽ ഈ സഹായപദ്ധതി ആവിഷ്കരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂയോർക്കിലെ സെപ്റ്റംബർ 11 ആക്രമണത്തിന്റെ വാർഷികം അനുസ്മരിച്ച പ്രധാനമന്ത്രി, മറ്റൊരു സെപ്റ്റംബർ 11-ന്റെ ഓർമകളിലൂടെ ഭീകരതയ്ക്ക് ശാശ്വതപരിഹാരം കാണാമെന്നും അഭിപ്രായപ്പെട്ടു. ‘‘ഷിക്കാഗോയിൽ മറ്റൊരു സെപ്റ്റംബർ 11-നാണ് സ്വാമി വിവേകാനന്ദൻ ലോക മതമഹാസമ്മേളനത്തിൽ പ്രസംഗിച്ചത്. ഇന്ത്യയുടെ മാനവിക മൂല്യങ്ങളെ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി. ഈ മൂല്യങ്ങളിലൂടെയേ സമാധാനം കൈവരൂവെന്നും ലോകം തിരിച്ചറിയുന്നു’’ -പ്രധാനമന്ത്രി പറഞ്ഞു.

കവി സുബ്രഹ്മണ്യഭാരതിയുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികത്തിൽ ബനാറസ് സർവകലാശാലയിൽ തമിഴ് പഠന ചെയർ സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചു.