ന്യൂഡൽഹി: രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,47,306 ആയി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആകെ രോഗബാധിതരുടെ 1.34 ശതമാനം മാത്രമാണിത്. ചൊവ്വാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു മരണംപോലും റിപ്പോർട്ടു ചെയ്തിട്ടില്ല.

10,584 പേർക്കാണു രോഗം ബാധിച്ചത്. അതേദിവസം 13,255 പേർ രോഗമുക്തിനേടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്നുശതമാനത്തിൽ താഴെയാണ്. 78 പേർ മരിച്ചു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (18). കേരളത്തിൽ 16 പേരും പഞ്ചാബിൽ 15 പേരും മരിച്ചു.

84 ശതമാനം പുതിയ കോവിഡ് രോഗികളും ആറു സംസ്ഥാനങ്ങളിൽ നിന്നുമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ 5210. കേരളവും (2212) തമിഴ്നാടുമാണ് (449) തൊട്ടുപിന്നിൽ. 1,17,45,552 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിൽ.

Content Highlights: India's COVID-19 active caseload falls below 1.5 lakh; no fresh deaths in 21 states, UTs