ഷിംല: ലോകത്ത് തന്നെ ഏറ്റവും 'യുവത്വ'മാര്‍ന്ന രാജ്യമാണ് ഇന്ത്യ. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു പേരും 35 വയസ്സിനു താഴെയുള്ളവര്‍. പക്ഷേ, രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വം അത്ര ചെറുപ്പമല്ല. ഇരുപതാം നൂറ്റാണ്ടില്‍ രാജ്യത്ത് വേരാഴ്ത്തിയ കുടുംബവാഴ്ചയുടെ തുടര്‍ച്ചക്കാരായ നേതാക്കളില്‍ പലര്‍ക്കും ശരാശരി പ്രായം 75-നു മുകളില്‍.

വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടന്ന ഹിമാചല്‍പ്രദേശിലെ സ്ഥിതി തന്നെയെടുക്കാം, 83-ാം വയസ്സിലാണ് മുഖ്യമന്ത്രി വീരഭദ്രസിങ് വീണ്ടും ജനവിധി തേടുന്നത്. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ മുഖ്യമന്ത്രിയായ അദ്ദേഹം ഏഴാംതവണയാണ് മത്സരിക്കുന്നത്.

89 വയസ്സുള്ള പ്രകാശ് സിങ് ബാദലായിരുന്നു ഹിമാചലിന്റെ അയല്‍സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ അടുത്തകാലം വരെ മുഖ്യമന്ത്രി. അദ്ദേഹത്തെ ജനം വീട്ടിലിരുത്തിയപ്പോള്‍ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനുമുണ്ട് 75 വയസ്സ്. ഒരിക്കല്‍ പട്യാല ഭരിച്ചിരുന്ന രാജകുടുംബത്തില്‍ നിന്നാണ് അമരീന്ദര്‍ എത്തുന്നത്.

വീരഭദ്ര സിങ്ങും രാജകുടുംബാംഗമാണ്. ഈ പാരമ്പര്യം തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. 'ആളുകളെന്നെയും എന്റെ കുടുംബപാരമ്പര്യത്തെയും ബഹുമാനിക്കുന്നു'- രാജാ സാഹിബ് എന്ന് തന്നെ വിശേഷിപ്പിക്കുന്ന ബോര്‍ഡുകള്‍ക്ക് നടുവില്‍ നിന്ന് വീരഭദ്ര സിങ് പറയുന്നു.

തമിഴ്‌നാടിനെ അഞ്ചുതവണ നയിച്ച കരുണാനിധി, 94-ാം വയസ്സിലും സംസ്ഥാനത്തെയും പ്രതിപക്ഷകക്ഷിയായ ഡി.എം.കെ.യിലെയും പ്രധാന നേതാവാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയും പാര്‍ട്ടിയുടെ 'യുവമുഖ'വുമായ മകന്‍ എം.കെ. സ്റ്റാലിന് വയസ്സ് 64.

രാഷ്ട്രീയം കുടുംബകാര്യമാകുമ്പോഴും സംഘര്‍ഷം പൂര്‍ണമായും ഒഴിവാകുന്നില്ല. ഇതിനുദാഹരണമാണ് ഉത്തര്‍പ്രദേശില്‍ വര്‍ഷാദ്യം തിരഞ്ഞെടുപ്പ് നടന്നപ്പോഴുണ്ടായ 'തലമുറ യുദ്ധം'. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന 44-കാരന്‍ അഖിലേഷ് യാദവ് 77 വയസ്സുള്ള പിതാവും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെതിരേ പട നയിക്കുകയും ഇത് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ കലാശിക്കുകയും ചെയ്തു.

ഭരണരംഗത്ത് ഇല്ലെങ്കിലും കേരളത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായ വി.എസ്. അച്യുതാനന്ദന് 94-വയസ്സുണ്ട്. മുഖ്യമന്ത്രി പിണറായിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും 70 കഴിഞ്ഞവരാണ്. 67-കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 38 വയസ്സുള്ള അരുണാചല്‍ മുഖ്യമന്ത്രി പേമാഖണ്ഡുവാണ് മുഖ്യമന്ത്രിമാരിലെ യുവാവ്.