മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് ആദ്യപാദത്തില്‍ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാല്‍, രണ്ടാം പാദത്തില്‍ ഇത് കുറയുമെന്നും മൂന്നാം പാദത്തില്‍തന്നെ ജി.ഡി.പി. വളര്‍ച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തല്‍.
നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസര്‍ച്ച് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്.
വിവിധ മേഖലകളില്‍ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികള്‍ നിലനില്‍ക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തില്‍ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം.
ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്‌സിന്റെ അനുമാനത്തില്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 8.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്.
മൂന്നാം പാദം മുതല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവര്‍ഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാര്‍ക്ലേയ്‌സ് അനുമാനിക്കുന്നു. ഇതേ രീതിയില്‍ ഫിച്ച് റേറ്റിങ്‌സും ഇന്ത്യയുടെ വളര്‍ച്ച വേഗത്തില്‍ തിരികെ വരുമെന്ന് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.