ന്യൂഡൽഹി: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്രസർക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ( എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായാണ് വിവരങ്ങൾ ലഭിച്ചത്.

ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുൾപ്പെടെയുള്ള 86 രാജ്യങ്ങൾക്ക് വിവരം നൽകിയത്. 31 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങളാണ് കൈമാറിയതെന്ന് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ പേര് പട്ടികയിൽ പറയുന്നില്ലെങ്കിലും മുൻപ് വിവരം ലഭിച്ചിട്ടുള്ള രാജ്യമായതിനാൽ ഇന്ത്യക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

രഹസ്യാത്മക നിബന്ധനകൾ ചൂണ്ടിക്കാട്ടി ഇന്ത്യക്കാരുടെ അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചോ, ആസ്തികളുടെ അളവിനെക്കുറിച്ചോ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയില്ല. ഉടമകളുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങളാണു നൽകിയത്.

ആദ്യഘട്ട വിവരങ്ങൾ 2019 സെപ്റ്റംബറിൽ ലഭിച്ചിരുന്നു. അടുത്ത ഘട്ടം വിവരങ്ങൾ 2021 സെപ്റ്റംബറിൽ നൽകും.