ബെംഗളൂരു: കോവിഡിനുനേരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ലോകത്ത് ഏറ്റവുമധികം വിജയംവരിച്ച രാജ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിലൂടെ മഹാമാരിക്കുനേരെയുള്ള പോരാട്ടത്തിൽ അവസാനഘട്ടത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിൽ നിർമിക്കുന്ന കേന്ദ്ര റിസർവ് പോലീസ് സേനയുടെ റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെ പുതിയ ബറ്റാലിയൻ കാമ്പസിന് തറക്കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കോവിഡിനുനേരെ ലോകത്തിൽ ഏറ്റവും വിജയംവരിച്ച പോരാട്ടമാണ് നടന്നതെന്ന് പറയാൻ സന്തോഷമുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വൻ ജനസംഖ്യയുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളെപ്പറ്റി ചില വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു ലബോറട്ടറി മാത്രമായിരുന്നു അന്ന് കോവിഡ് പരിശോധനയ്ക്കുണ്ടായിരുന്നത്. ഇന്ന് രണ്ടായിരത്തിലധികം ലബോറട്ടറികൾ കോവിഡ് പരിശോധനയ്ക്കായി ഇന്ത്യയിലുണ്ട് -അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജനങ്ങൾ ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെ നേരിട്ടത്. ഇതാണ് മറ്റുരാജ്യങ്ങളിൽനിന്ന് ഇന്ത്യയെ വ്യത്യാസപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ രണ്ട് കോവിഡ് വാക്സിനുകൾ തയ്യാറായിരിക്കുന്നു. നമ്മൾ കോവിഡിനുനേരെയുള്ള പോരാട്ടത്തിൽ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി എന്നിവർ പങ്കെടുത്തു. രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഉച്ചയോടെയാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചു. ബെലഗാവിയിൽ ഞായറാഴ്ച നടക്കുന്ന ബി.ജെ.പി.യുടെ ജനസേവക് സമാവേശ സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും.