ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 70 കോടി പിന്നിട്ടു. സുപ്രധാനമായ ഈ നേട്ടം കൈവരിച്ചതിൽ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അഭിനന്ദിച്ചു.

ജനുവരി 16-നാണ് രാജ്യത്ത് പ്രതിരോധകുത്തിവെപ്പ് ആരംഭിച്ചത്. തുടക്കത്തിൽ വാക്സിൻലഭ്യത കുറവായിരുന്നു. കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾമാത്രമാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് റഷ്യൻ വാക്സിൻ സ്പുട്നിക് വി എത്തി. മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ, സൈകോവ്ഡി എന്നീ വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. എന്നാലിവ വിപണിയിൽ ലഭ്യമായിട്ടില്ല.

ജനുവരി 16-നുശേഷം 85 ദിവസംകൊണ്ടാണ് 10 കോടി പേർക്ക് വാക്സിൻ നൽകിയത്. 20 കോടി കടക്കാൻ പിന്നീട് 45 ദിവസം വേണ്ടിവന്നു. ഓരോ പത്തുകോടി കടക്കാനുള്ള ദിവസങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവന്നു. 60 കോടിയിൽനിന്ന് 13 ദിവസംകൊണ്ടാണ് 70 കോടി പിന്നിട്ടത്. കഴിഞ്ഞദിവസംമാത്രം 1.13 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി.