ന്യൂഡൽഹി: രാജ്യത്ത്‌ 18 വയസ്സിനു മുകളിലുള്ളവരിൽ 18 ശതമാനംപേർ കോവിഡ്‌ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു. ഒറ്റ ഡോസെങ്കിലുമെടുത്തവർ 58 ശതമാനമാണ്‌. ഇതുവരെ 72 കോടി ഡോസ്‌ വാക്സിനാണ്‌ നൽകിയത്‌.

വാക്സിൻ സ്വീകരിച്ചവർക്ക്‌ കോവിഡ്‌ ബാധിച്ചാൽതന്നെ അത്‌ ഗുരുതരമാവില്ലെന്നാണ് വിലയിരുത്തൽ. വാക്സിന്റെ ഒരു ഡോസിന്‌ 96.6 ശതമാനവും രണ്ടുഡോസുകൾക്ക്‌ 97.5 ശതമാനവും മരണത്തെ തടുക്കാനായെന്ന്‌ ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവ പറഞ്ഞു. ഇപ്പോൾ ദിനംപ്രതി ശരാശരി 20 ലക്ഷം പേർക്ക്‌ കുത്തിവെപ്പ്‌ നടത്തുന്നുണ്ട്‌.

വാക്സിനേഷൻ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ടെങ്കിലും രാജ്യം കോവിഡിന്റെ രണ്ടാംതരംഗത്തിന്റെ നടുവിൽത്തന്നെയാണെന്ന്‌ ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷൺ പറഞ്ഞു. ആകെ പ്രതിദിന കേസുകളുടെ 68 ശതമാനവും കേരളത്തിലാണ്‌. സംസ്ഥാനത്തെ എല്ലാ ജില്ലകളുമടക്കം രാജ്യത്തെ 35 ജില്ലകളിൽ ടി.പി.ആർ. 10 ശതമാനത്തിനു മുകളിലാണ്‌. അഞ്ചിനും പത്തിനുമിടയിൽ ടി.പി.ആർ. ഉള്ള 30 ജില്ലകളുണ്ട്‌. ദേശീയതലത്തിൽ 10 ആഴ്ചകളായി ടി.പി.ആർ. മൂന്നുശതമാനത്തിൽ താഴെയാണ്‌. രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും വരുന്ന ദസ്സറ, ദീപാവലി, ക്രിസ്മസ്‌ ആഘോഷവേളയിൽ അതിജാഗ്രത പുലർത്തണമെന്ന്‌ അദ്ദേഹം നിർദേശിച്ചു.

ഇക്കുറി ആൾക്കൂട്ടം ഒഴിവാക്കിയും കുടുംബസന്ദർശനങ്ങൾ കുറച്ചും ആഘോഷങ്ങൾ നടത്തുന്നതാവും ഉചിതമെന്ന്‌ നീതി ആയോഗ്‌ അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണം. വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ്‌ വരുന്നുണ്ട്‌. അതുകൊണ്ടാണ്‌ വാക്സിനെടുത്തവരും മാസ്ക്‌ ഉപയോഗിക്കണമെന്നു പറയുന്നത്‌. ഒറ്റ ഡോസ്‌ എടുത്തവരിലും രണ്ടു ഡോസുകൾ എടുത്തവരിലും നേരിയതോതിലേ രോഗം വരുന്നുള്ളൂ. ഇക്കൂട്ടർക്ക്‌ ആശുപത്രിപ്രവേശം വേണ്ടിവരുന്നില്ല. വാക്സിനെടുത്തവരിലെ മരണശതമാനവും കുറവാണ്‌. ഇതുസംബന്ധിച്ച ഡേറ്റ തയ്യാറാക്കുന്നുണ്ട്‌.