ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തെ നേരിടാൻ 52 രാജ്യങ്ങളിൽനിന്ന് സഹായം ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാജ്യസഭയിൽ സി.പി.ഐ. അംഗം ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിദേശരാഷ്ട്രങ്ങൾ നേരിട്ടും സ്വകാര്യ സന്നദ്ധസംഘടനകൾ മുഖേനയും വിദേശത്തെ ഇന്ത്യൻ സമൂഹവും ബഹുരാഷ്ട്ര കമ്പനികളുമെല്ലാം സഹായം നൽകി. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതി ആയോഗ് തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രതിനിധികളുൾപ്പെടുന്ന മന്ത്രിതലസമിതിയുടെ അംഗീകാരത്തോടെയാണ് സംഭാവനകൾ സ്വീകരിച്ചത്.

27,116 ഓക്സിജൻ സിലിൻഡർ, 29,327 ഓക്സിജൻ കോൺസെൻട്രേറ്റർ, 48 ഓക്സിജൻ പി.എസ്.എ., പ്ലാന്റ്, 19,375 വെന്റിലേറ്റർ എന്നിവ ലഭിച്ചു. മരുന്നും മാസ്ക്, കോവിഡ് ദ്രുതപരിശോധനാ കിറ്റുകളും ലഭിച്ചു. റഷ്യയിൽ നിന്നുള്ള സ്പുട്‌നിക് വാക്സിൻ ഒന്നിന്റെ 31.5 ലക്ഷം ഡോസും സ്പുട്‌നിക് വാക്സിൻ രണ്ടിന്റെ 4.5 ലക്ഷം ഡോസും ഇന്ത്യ ഇറക്കുമതി ചെയ്തതായും മന്ത്രി പറഞ്ഞു.