ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും രണ്ടുലക്ഷം കടന്നു. ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് രോഗം ബാധിച്ചത്. 1761 പേരാണ് മരിച്ചത്. ആദ്യമായാണ് ഒറ്റദിവസം ഇത്രയും മരണം റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് ഇതുവരെ 1,53,21,089 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,80,530 പേർ മരിച്ചു. 1.18 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 20,31,977 പേരാണ് ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 77 ശതമാനവും കേരളമുൾപ്പെടെ പത്തു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ എന്നിവയാണ് മറ്റുസംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്- 58,924. ഉത്തർപ്രദേശും ഡൽഹിയുമാണ് തൊട്ടുപിന്നിൽ.

രോഗവ്യാപനം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ നാലുമണിക്കൂർ മാത്രമേ തുറക്കാവൂ എന്ന് സർക്കാർ നിർദേശിച്ചു. മേയ് ഒന്നുവരെയാണ് നിയന്ത്രണം. പുതുച്ചേരിയിലും രാത്രികാല കർഫ്യൂ നിലവിൽവന്നു. ചൊവ്വാഴ്ച രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ.

തെലങ്കാനയിലും ഏപ്രിൽ മുപ്പതുവരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന നാഗാർജുന സാഗറിൽ നടന്ന റാലിയിൽ പങ്കെടുത്തതിനു പിന്നാലെയാണ് റാവുവിന് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം. ഒരുലക്ഷം പേരിലേറെ പങ്കെടുത്ത റാലി സൂപ്പർ സ്‌പ്രെഡ് ആയി മാറിയെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയ്ക്കായി ‘ഓക്‌സിജൻ എക്സ്‌പ്രസ്’

മഹാരാഷ്ട്രയിലെ ആശുപത്രികൾക്ക് വിശാഖപട്ടണത്തുനിന്ന് തീവണ്ടിയിൽ ഓക്സിജൻ എത്തിക്കും. നവിമുംബൈയിലെ കലമ്പൊലിയിൽനിന്ന് തിങ്കളാഴ്ചയാണ് ആദ്യത്തെ ഓക്സിജൻ എക്സ്‌പ്രസ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് യാത്രപുറപ്പെട്ടത്. ടാങ്കുകൾ ഘടിപ്പിച്ച ഏഴ് ലോറികൾ റോൾ ഓൺ-റോൾ ഓഫ് (റോ-റോ) സംവിധാനം വഴിയാണ് ചരക്കുവണ്ടികളിൽ കയറ്റി കൊണ്ടുപോവുന്നത്. വിശാഖപട്ടണം ഉരുക്കുനിർമാണശാലയിൽനിന്ന് ദ്രവീകൃത ഓക്സിജൻ നിറച്ചശേഷം ടാങ്കറുകൾ മുംബൈയിലേക്ക് മടങ്ങും.