ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 49 ലക്ഷത്തോളംപേർ മരിച്ചിരിക്കാമെന്ന് പഠനം. ഔദ്യോഗിക കണക്കുകളെക്കാൾ പതിന്മടങ്ങ് കൂടുതലാണിത്. വാഷിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റിലെ ജസ്റ്റിൻ സാൻഡഫർ, ഹാർവാഡ് സർവകലാശാലയിലെ അഭിഷേക് ആനന്ദ്, ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്നു തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ചൊവ്വാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 4,18,480 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 2020 ജനുവരിക്കും 2021 ജൂണിനും ഇടയിൽ ഇന്ത്യയിലെ കോവിഡ് മരണം 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാവാമെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഏഴു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനെക്കാൾ വളരെക്കൂടുതൽ മരണങ്ങളുണ്ട്. പകർച്ചവ്യാധിക്കുമുമ്പുള്ള മരണനിരക്കും ശേഷമുള്ള മരണങ്ങളും താരതമ്യം ചെയ്തും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിശകലനം നടത്തിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തെ എട്ടുലക്ഷത്തോളംപേരിൽ നടത്തിയ കൺസ്യൂമർ പിരമിഡ് ഹൗസ്ഹോൾഡ് സർവേയും ഗവേഷകർ പരിശോധിച്ചു. ആദ്യതരംഗം നേരത്തേ റിപ്പോർട്ടുചെയ്തതിനെക്കാൾ മാരകമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് മുന്നിൽ.