ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 64,553 കേവിഡ് ബാധിതരും 1,007 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 71.17 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.95 ശതമാനമായി കുറയുകയും ചെയ്തു.

ഓഗസ്റ്റ് 13-ന് 8,48,728 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ആദ്യമായാണ് ഒരു ദിവസം ഇത്രയും പരിശോധന നടത്തുന്നത്. ഇതോടെ രാജ്യത്ത് നടത്തിയ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 2.76 കോടിയായി. പത്ത് ലക്ഷം പേരിൽ 140 പരിശോധനകളാണ് ദിവസം ഒരു രാജ്യം നടത്തേണ്ടതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഇന്ത്യയിൽ ഇത് പത്തു ലക്ഷത്തിൽ 603 ആണ്. പരിശോധനകൾ ഇനിയും വർധിപ്പിക്കാനാണ് കേന്ദ്ര നിർദേശം. കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 1,451 ആയി വർധിപ്പിച്ചിട്ടുണ്ട്.