ന്യൂഡൽഹി: അതിർത്തിയിലെ വർധിച്ച സൈനിക സാന്നിധ്യം കുറയ്ക്കാനും സംഘർഷം ലഘൂകരിക്കാനും ഇന്ത്യ-ചൈന കോർ കമാൻഡർമാരുടെ ദ്വിദിന ചർച്ച ചൊവ്വാഴ്ച തുടങ്ങും. പതിനാറാം കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങും തെക്കൻ ഷിൻജിയാങ് സൈനിക മേഖലാ കമാൻഡർ മേജർ ജനറൽ ലിയു ലിന്നും തമ്മിലാണു ചർച്ച. മൂന്നാംതവണയാണ് ഇവർ കൂടിക്കാഴ്ച നടത്തുന്നത്.

ജൂൺ ആറിനും 22-നും ചൈനീസ് അതിർത്തിപ്രദേശമായ മോൾഡോയിലായിരുന്നു ചർച്ചയെങ്കിൽ ഇത്തവണ ഇന്ത്യയുടെ ഭാഗത്താണ്. ഇതുവരെയുള്ള എല്ലാ തർക്കവിഷയങ്ങളും നേരത്തേ തീരുമാനിച്ച സൈനിക പിന്മാറ്റവും ചർച്ചയുടെ ഭാഗമാവുമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.

22-ന് രാവിലെ 11.30 മുതൽ രാത്രി 10.30 വരെ നീണ്ട ചർച്ചയിൽ ഗാൽവൻ താഴ്‌വര, ഹോട്ട് സ്പ്രിങ്, പാംഗോങ് തടാകം എന്നിവിടങ്ങളിൽനിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായിരുന്നു. ഇതോടെ ജൂനിയർ കോർ കമാൻഡർതല ചർച്ചകൾ മുടങ്ങി. ചൈനയുടെ വാക്ക് വിശ്വസിച്ച് ഇന്ത്യ സൈന്യത്തെ പിൻവലിച്ചുതുടങ്ങിയെങ്കിലും ധാരണയ്ക്കു വിരുദ്ധമായി ചൈന കൂടുതൽ സ്ഥലങ്ങളിൽ കടന്നുകയറി സൈനികവിന്യാസവും നിർമാണവും നടത്തി. ചർച്ചയുടെ ഫലം എന്തുതന്നെയായാലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ സൈനികശക്തി കൂട്ടിയിട്ടുണ്ടെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു.

Content Highlights: India - China talks