ന്യൂഡൽഹി: തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് എട്ടു പ്രമാണങ്ങൾ നിർദേശിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സംയുക്തകരാറുകളിൽ ഉറച്ചുനിൽക്കുക, യഥാർഥ നിയന്ത്രണരേഖയെ അംഗീകരിക്കുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസും ചെന്നൈ എ.ഐ.ടി.യും സംയുക്തമായി സംഘടിപ്പിച്ച ചൈനപഠന വിഷയത്തിലുള്ള അന്താരാഷ്ട്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

ഇന്ത്യ-ചൈന ബന്ധം യഥാർഥത്തിൽ ഒരു വഴിത്തിരിവിലാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ കേവലം രണ്ടുരാജ്യങ്ങളെ മാത്രമല്ല, ലോകത്തെ മുഴുവൻ ബാധിക്കുന്നവയാണ്. അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കെ സാധാരണജീവിതം നയിച്ച്‌ മുന്നോട്ടുപോവുക അസാധ്യമാണ്. കിഴക്കൻ ലഡാക്കിലുണ്ടായ സംഭവവികാസങ്ങൾ ഇന്ത്യ-ചൈന ബന്ധത്തിൽ ഗുരുതരമായ അസ്വസ്ഥതകളുണ്ടാക്കിയതായി ജയ്ശങ്കർ ചൂണ്ടിക്കാട്ടി.

Content Highlights: India- China S Jaishankar