ന്യൂഡൽഹി: അതിർത്തിസംഘർഷം പരിഹരിക്കാൻ സൈനിക-നയതന്ത്ര തലത്തിൽ നടക്കുന്ന ചർച്ചകൾക്കിടയിലും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. യഥാർഥ നിയന്ത്രണരേഖയിൽ ചൈനയുടെ അടുത്തനീക്കം എന്തെന്നറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

മോസ്കോയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെൻഗെയും കൂടിക്കാഴ്ച നടത്തി, പ്രശ്നപരിഹാരത്തിന് സംയുക്തനീക്കം വേണമെന്നു പറഞ്ഞതിനുപിന്നാലെയാണ് സംഘർഷത്തിന്റെ ഉത്തരവാദി ഇന്ത്യയാണെന്ന് ചൈന പ്രസ്താവിച്ചത്. സംഘർഷം ലഘൂകരിക്കാൻ ചർച്ച നടത്തുന്നതിനൊപ്പം പ്രകോപനംകൂടി സൃഷ്ടിക്കുന്ന ചൈനയോട് തിരക്കിട്ട് പ്രതികരിക്കുന്നത് സ്ഥിതി വഷളാക്കുകയേ ഉള്ളൂവെന്നാണ് ഇന്ത്യ കരുതുന്നത്.

എന്നും സമാധാനത്തിന് നിലകൊള്ളുന്ന രാജ്യം എന്ന അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ ഖ്യാതി ചൈനയെ അലോസരപ്പെടുത്തുന്നതും ഇരട്ടത്താപ്പിനു പിന്നിലുണ്ടാവാമെന്നും വിലയിരുത്തലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിദേശമന്ത്രി എസ്. ജയ്‌ശങ്കർ ചൈനീസ് വിദേശമന്ത്രി വാങ് യീയെ മോസ്കോയിൽതന്നെ കണ്ടേക്കുമെന്നാണ് സൂചന. വ്യാഴാഴ്ച ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ(എസ്.സി.ഒ)യുടെ വിദേശമന്ത്രിതല ചർച്ചയ്ക്കായി ഇരുവരും മോസ്കോയിലെത്തുന്നുണ്ട്. തങ്ങൾക്ക് ദീർഘകാലമായി പരിചയമുണ്ടെന്നും നയതന്ത്രതലത്തിൽ പരിഹാരം കാണാൻ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നുമാണ് കഴിഞ്ഞദിവസം മന്ത്രി ജയ്ശങ്കർ പറഞ്ഞത്.

അതിനിടെ, അരുണാചൽപ്രദേശിലെ അതിർത്തിഗ്രാമത്തിൽനിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ചൈനീസ് അതിർത്തിയോട് ചേർന്ന അപ്പർ സുബാൻസിരി ജില്ലയിലെ നാചോയിൽ കാട്ടിൽ നായാട്ടിനുപോയ തനു ബക്കർ, പ്രസാദ് റിഗ്ലിങ്, ഗരു ദിരി, ദോങ്തു എബിയ, ടോച്ച് സിങ്കം എന്നിവരെയാണ് ചൈനീസ് സൈന്യം പിടിച്ചത്. നാച്ചോ പോലീസ് സ്റ്റേഷനിലെ ഒരു സംഘം ശനിയാഴ്ചതന്നെ അന്വേഷണം നടത്താനായി പോയിരുന്നെന്നും വിവരമൊന്നും ലഭിച്ചില്ലെന്നും അപ്പർ സുബാൻസിരി ജില്ലാ പോലീസ് മേധാവി താരു ഗുസ്സാർ പറഞ്ഞു.

Content Highlights: India-  China S Jaishankar