ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന് ചൈന അവകാശം ഉന്നയിക്കുന്നതായും നീതീകരിക്കാനാവാത്ത ഈ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പറഞ്ഞു. 1962-ലെ യുദ്ധത്തിനുശേഷം ചൈന കിഴക്കന്‍ ലഡാക്കില്‍ 38,000 ചതുരശ്ര കിലോമീറ്ററില്‍ അധിനിവേശം തുടങ്ങിയിരുന്നതായും സൈനിക പിന്മാറ്റത്തെക്കുറിച്ച് പറയവെ മന്ത്രി വിശദീകരിച്ചു. രാജ്യസഭയില്‍ വ്യാഴാഴ്ച രാവിലെയും ലോക്‌സഭയില്‍ വൈകീട്ടുമായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം.

ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ നിര്‍മിച്ച സംവിധാനങ്ങള്‍ നീക്കി പഴയരൂപത്തിലാക്കും. ബാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചൈന സത്യസന്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി പറഞ്ഞു. കടുത്തതും സങ്കീര്‍ണവുമായ ലഡാക്കിലെ കാലാവസ്ഥയില്‍ പ്രശ്നപരിഹാരത്തിന് യത്നിച്ച സേനയോട് നന്ദി പ്രകാശിപ്പിക്കാന്‍ രാഷ്ട്രീയം മറന്ന് സഭാംഗങ്ങളെല്ലാം ഒപ്പം നില്‍ക്കാനാഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.

രാജ്യസഭയില്‍ വിശദീകരണം ചോദിക്കാനായി മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി എഴുന്നേറ്റെങ്കിലും അധ്യക്ഷന്‍ വെങ്കയ്യ നായിഡു അനുവദിച്ചില്ല. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നതായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനാണ് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം കടന്നുകയറിയതും സംഘര്‍ഷം തുടങ്ങിയതും.

Content Highlights: India China Rajnath Singh