ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഹോട്സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിൽ ഇന്ത്യയുടെയും ചൈനയുടെയും സേനാപിന്മാറ്റം തുടരുന്നു. തിങ്കളാഴ്ച തുടങ്ങിയ പിൻവാങ്ങൽ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. ജൂൺ 15-ന് 20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ സംഘർഷം നടന്ന ഗാൽവൻ താഴ്‌വരയിലെ പട്രോൾ പോയന്റ് 14-ൽനിന്നുള്ള ചൈനീസ് പിന്മാറ്റം ചൊവ്വാഴ്ചയോടെ പൂർണമായി.

പിന്മാറ്റം തുടങ്ങിയെങ്കിലും ഇന്ത്യൻ സൈന്യം അതിർത്തിയിൽ ജാഗ്രത കുറയ്ക്കില്ലെന്നും ഏതു സന്ദർഭത്തെയും നേരിടാൻ ഉയർന്ന ജാഗ്രത പുലർത്തുമെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. കോർ കമാൻഡർ തലത്തിൽ നടന്ന ആദ്യ രണ്ടുഘട്ട ചർച്ചകളിലെയും സമവായ നിർദേശങ്ങൾ ചൈന പാലിക്കാൻ തയ്യാറാവാത്തതിനാലാണ് ഇന്ത്യൻ സൈന്യം കടുത്ത നടപടി സ്വീകരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ വ്യോമസേനയും കടുത്ത ജാഗ്രതയിലാണ്. തിങ്കളാഴ്ച രാത്രി അപ്പാച്ചി ഹെലികോപ്റ്റർ, മിഗ്-29 വിമാനം എന്നിവ ഉപയോഗിച്ച് അതിർത്തിമേഖലകളിൽ വ്യോമസേന നിരീക്ഷണം നടത്തി. വരുംദിവസങ്ങളിലും ഇത് തുടരും. ചിനൂക്കും അപ്പാച്ചിയും അടക്കമുള്ള അത്യാധുനിക ഹെലികോപ്റ്ററുകളും സുഖോയ്-30, ജാഗ്വർ, മിറാഷ് അടക്കമുള്ള ആക്രമണത്തിനുപയോഗിക്കുന്ന വിമാനങ്ങളും അതിർത്തിയോടുചേർന്ന വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ഗാൽവൻ താഴ്‌വര, ഹോട് സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിലെ പിന്മാറ്റം പൂർത്തിയായശേഷം മറ്റു മേഖലകളിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനം കൂടുതൽ ചർച്ചകൾ നടത്തുമെന്നാണറിയുന്നത്.

ജൂൺ 30-ന് നടന്ന മൂന്നാംഘട്ട കോർ കമാൻഡർ തല ചർച്ചയിലെ തീരുമാന പ്രകാരം, തർക്കമുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് മൂന്നു കിലോമീറ്റർ നിഷ്പക്ഷ മേഖല (സൈനികരില്ലാത്ത) സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ സേനാപിന്മാറ്റമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.

ചൈനീസ് പിൻവാങ്ങലിനെക്കുറിച്ച് ഇന്ത്യൻ സൈന്യം വിശദമായ പരിശോധന നടത്തിവരികയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. പാംഗോങ് തടാകക്കരയിൽ ചൈനയുടെ കടന്നുകയറ്റം തുടരുകയാണ്. ഇവിടെ ഏതാനും സൈനികരെ മാത്രമാണ് അവർ പിൻവലിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ഞായറാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിനു പിന്നാലെയാണ് യഥാർഥ നിയന്ത്രണരേഖയിൽനിന്ന് ഇരു രാജ്യങ്ങളുടെയും സേനകൾ പിന്മാറ്റം തുടങ്ങിയത്.

Content Highlights: India-  China Ladakh