ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിതർക്കത്തിന് അയവ്. ഒന്നരവർഷത്തോളം നീണ്ട കടുത്ത നിലപാടുകൾക്കൊടുവിൽ ഗോഗ്രയിൽ (പട്രോളിങ് പോയന്റ് 17എ) നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പൂർണമായും പിൻവലിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് ഇരുവിഭാഗത്തെയും സൈനികർ മുൻസ്ഥിരതാവളങ്ങളിലേക്ക് മടങ്ങിയത്. ഏകപക്ഷീയമായ മാറ്റമൊന്നും മേഖലയിൽ വരുത്തിയിട്ടില്ലെന്നും സംഘർഷത്തിനുമുമ്പുള്ള നിലയിലേക്ക് ഗോഗ്രയെത്തിയെന്നും വെള്ളിയാഴ്ച ഇന്ത്യൻ സൈന്യം അറിയിച്ചു.

പി.പി. 17എ-യിലെ താത്കാലികസംവിധാനങ്ങളും നിർമാണങ്ങളും ഇരുവിഭാഗങ്ങളും പൊളിച്ചുമാറ്റി. ഇക്കാര്യം പരിശോധിച്ചുറപ്പുവരുത്തുകയും ചെയ്തു. 500 മീറ്റർ വ്യത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്. പിൻവാങ്ങൽ കരാർ പ്രകാരം ഗോഗ്രയിലെ യഥാർഥനിയന്ത്രണരേഖ ഇരുവിഭാഗങ്ങളും കർശനമായി നിരീക്ഷിക്കും. പ്രശ്നത്തിന് അന്തിമപരിഹാരമാവും വരെ ഇരുരാജ്യങ്ങൾക്കും പട്രോളിങ് നടത്താൻ അധികാരമില്ലാത്തവിധം ഇവിടം ബഫർ സോണായി തുടരും. കൂടുതൽ സൈനികരെ ഇനി വിന്യസിക്കുകയുമില്ല.

വെസ്റ്റേൺ സെക്ടറിലെ (കിഴക്കൻ ലഡാക്കിനെ വെസ്റ്റേൺ സെക്ടർ എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്) നിയന്ത്രണരേഖയിലെ അവശേഷിക്കുന്ന പ്രശ്നങ്ങളിൽ കൂടുതൽ ചർച്ചനടത്താനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധതയറിയിച്ചു.

വെസ്റ്റേൺ സെക്ടറിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും ഐ.ടി.ബി.പി.യും ഇന്ത്യൻസൈന്യവും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നബാധിതമേഖലകളിൽ ഒരിടത്തുകൂടി പരിഹാരം കാണാനായെന്ന് സൈന്യം പറഞ്ഞു.

അവശേഷിക്കുന്നത് രണ്ടിടങ്ങൾ

സംഘർഷം നിലനിന്ന ആറിൽ നാലിടങ്ങളിലും ഇതോടെ സേനാപിന്മാറ്റമായി. അവശേഷിക്കുന്നത് രണ്ടിടങ്ങളിലാണ് ഡെസ്പാങ്ങിലും ഹോട് സ്പ്രിങ്സിലും. ഗോഗ്രയ്ക്കു പുറമേ, ഗാൽവാൻ താഴ്വര, പാംഗോങ് തടാകത്തിന്റെ വടക്കൻ തീരവും തെക്കൻ തീരവും എന്നിവിടങ്ങളിലാണ് നേരത്തേ പിന്മാറ്റമുണ്ടായത്.

തീരുമാനം 12-ാം കമാൻഡർതല ചർച്ചയിൽ

ജൂലായ് 31-ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോയിൽ നടന്ന ഇന്ത്യ-ചൈന പന്ത്രണ്ടാം കോർ കമാൻഡർ തല ചർച്ചയിലെ ധാരണാപ്രകാരമാണ് പിന്മാറ്റം. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.