: കഴിഞ്ഞ 45 വർഷങ്ങളായി എല്ലാ വേനലിലും സ്ഥിരമായി അരങ്ങേറാറുള്ളതാണ് ഇന്ത്യ-ചൈന അതിർത്തിസംഘർഷങ്ങൾ. ഇക്കാലമത്രയും നടന്ന സംഘർഷങ്ങളിലൊന്നിലും ജീവാപായമുണ്ടായതായ വാർത്തകേട്ടിട്ടില്ല. എന്നാൽ, ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സമാധാനക്കരാർ ഈ വർഷം ലംഘിക്കപ്പെട്ടിരിക്കുന്നു!

തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.)യുമായുണ്ടായ അക്രമാസക്തമായ സംഘർഷത്തിന്റെ വാർത്തകേട്ടുകൊണ്ടാണ് ഇത് എഴുതാനിരിക്കുന്നത്. ഒരു കമാൻഡിങ് ഓഫീസറുൾപ്പെടെയുള്ള പട്ടാളക്കാരെ ഇന്ത്യൻ സൈന്യത്തിനു നഷ്ടമായിരിക്കുന്നു.

മറ്റൊരു സമാധാനക്കരാർകൂടി ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്. 4000 കിലോമീറ്റർ നീണ്ടുകിടക്കുന്ന അതിർത്തിയിൽ 53 വർഷമായി ഒരു വെടിയുണ്ടപോലും ഇരുരാജ്യങ്ങളും ഉതിർത്തിട്ടില്ല. 1967-ൽ സിക്കിം മേഖലയിലാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ അവസാനമായി വെടിവെപ്പുണ്ടായത്.

ഇന്ത്യൻ ഭാഗത്തും ഒരുപക്ഷേ, ചൈനീസ് ഭാഗത്തും മരണങ്ങൾ കൂടിയേക്കാമെന്ന വിവരങ്ങൾ സൈനികവൃത്തങ്ങളിൽനിന്നും യുദ്ധവിദഗ്ധരിൽനിന്നും വരുന്നത് കൂടുതൽ അസ്വസ്ഥതപ്പെടുത്തുന്നു. സംഘർഷത്തെത്തുടർന്ന് ഗുരുതരപരിക്കുകളോടെ ഒരു ഡസനിലധികം പട്ടാളക്കാർ കഴിയുന്നുണ്ട് എന്ന സൂചനയാണ് അവർ നൽകുന്നത്. ഏതാണ്ട് ഇരുപത്തിയഞ്ചോളം ഇന്ത്യൻ പട്ടാളക്കാരെ സംഘർഷത്തിനിടയിൽ കാണാതായിട്ടുണ്ടെന്നും അവർ പറയുന്നു. ഒരുപക്ഷേ, ഇവർ ചൈനീസ് പട്ടാളത്തിന്റെ പിടിയിലായേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.

തീർത്തും സന്ദിഗ്ധമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്, കാരണം ഇതു ശരിയാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന് ഈ മരണങ്ങളോടു പ്രതികരിക്കേണ്ടതായിവരും. ന്യൂഡൽഹി തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ചൈനയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകാനും ഇന്ത്യൻ സൈന്യം ഇറങ്ങിത്തിരിക്കേണ്ടതായിവരും.

ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇപ്പോഴും സമാധാനത്തിന്റെയും സംയമനത്തിന്റെയും മന്ത്രങ്ങളാണ് ഉരുവിടുന്നത് എന്നതിനാൽതന്നെ അവരുടെ പ്രയത്നങ്ങൾ ഫലവത്താകാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുമുണ്ട്. 1993 മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഞ്ച് സമാധാനക്കരാറുകളിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞ ഒരു മാസമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്.

കഴിഞ്ഞ 15 വർഷത്തിനിടെ, അതിർത്തിപ്രദേശങ്ങളായ ദൗലത്ത് ബെഗ് ഓൾഡി, ന്യോമ, ലഡാക്കിലെ ഫുക് ചെ എന്നിവിടങ്ങളിലായി വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യങ്ങൾ ‍(അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടുകൾ -എ.എൽ.ജി.കൾ) ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. ഇവ മൂന്നിലും വ്യോമപ്രവർത്തനങ്ങൾക്കും പെട്ടെന്നുള്ള സേനാവിന്യാസത്തിനും സൗകര്യവുമുണ്ട്. ന്യോമയിലെയും ഫുക് ചെയിലെയും എ.എൽ.ജി.കൾ നിലവിലെ സംഘർഷപ്രദേശത്തോട് അടുത്തുനിൽക്കുന്നവയാണ്. ഇന്ത്യൻ പട്ടാളക്കാരെയും സൈനികവാഹനങ്ങളെയും യഥാർഥ നിയന്ത്രണരേഖയ്ക്കടുത്തുവരെ എത്തിക്കുന്നതിനുള്ള റോഡുനിർമാണമാണ് ഇന്ത്യയിപ്പോൾ നടത്തിവരുന്നത്. ഇതാണ് പി.എൽ.എ.യുടെ അസ്വസ്ഥതയ്ക്കുള്ള മൂലകാരണം. എന്നാൽ, അടിസ്ഥാനസൗകര്യ വികാസപ്രവർത്തനങ്ങളിലേക്ക് ഇന്ത്യ വൈകി മാത്രമാണ് എത്തിയത്.

യഥാർത്ഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്ത് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും റോഡുകളുമുള്ളതിന്റെ ഒട്ടേറെ നേട്ടങ്ങൾ ചൈനയ്ക്കുണ്ട്. ഈ സ്ഥിതിയിൽ മാറ്റംവരുത്തുന്നതിൽനിന്നാണ് പി.എൽ.എ. ഇന്ത്യയെ പിന്തിരിപ്പിക്കുന്നത്. കിഴക്കൻ ലഡാക്കിൽ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും പ്രവേശനമാർഗങ്ങളുടെ കാര്യത്തിലും ചൈനയ്ക്ക് പ്രകടമായ മേൽകൈയാണുള്ളത്.

നിലവിലെ ഈ ഏറ്റുമുട്ടലിൽനിന്ന് ചൈന ഇന്ത്യയ്ക്ക് നൽകാനുദ്ദേശിക്കുന്ന സന്ദേശം വ്യക്തമാണ്. ചൈനയുടെ തന്ത്രപരമായ ആധിപത്യത്തെ ഏതെങ്കിലുംതരത്തിൽ നേർപ്പിക്കാനുള്ള ഒരു നീക്കവും അവർ വെച്ചുപൊറുപ്പിക്കില്ല. ഉത്തരാഖണ്ഡിലെ പിത്തോഡ്ഗഡ് ജില്ലയിലെ തന്ത്രപ്രധാനമായ ലിപുലേഖ്-കാലാപാനി പ്രദേശത്തെ ഇന്ത്യൻ ആധിപത്യത്തിനെതിരേ ഭൂരാഷ്ട്രതന്ത്രപരമായ യുദ്ധത്തിനായി നേപ്പാളിനെ പ്രകോപിപ്പിച്ചതിനു പിന്നിലും ഇതുതന്നെ കാരണം.

ഭരണഘടനാ ഭേദഗതി പാസാക്കിയും അവരുടെ ഭൂപടം പരിഷ്‌കരിച്ചും നേപ്പാൾ ഇന്ത്യയുമായി ഒരു പുതിയ അതിർത്തിയുദ്ധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അടുത്തവർഷങ്ങളിലായി നേപ്പാളിലെ ഊർജപദ്ധതികളിൽ ഭീമമായ നിക്ഷേപം നടത്തിയ ചൈനയുടെ പിന്തുണയോടെയാണ് അവരിതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ദരിദ്രരാജ്യങ്ങളുടെമേലുള്ള സാമ്പത്തികസ്വാധീനംകൊണ്ട് ഇന്ത്യയെ പ്രതിസന്ധിയിലാക്കാമെന്ന സന്ദേശമാണ് ചൈന വീണ്ടും നൽകുന്നത്. ഈയിടെ ഞാൻ പ്രവർത്തിക്കുന്ന മാസിക ഡൽഹിയിൽ ഒരു വെബിനാർ സംഘടിപ്പിച്ചിരുന്നു. അതിൽ ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റങ്ങൾക്കെതിരേയുള്ള മുന്നറിയിപ്പ് എന്ന നിലയിൽ ‘വൺ ചൈന’ നയം പുനർചിന്തനത്തിന് വിധേയമാക്കണമെന്ന് ചില ഇന്ത്യൻ നയതന്ത്രവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ചൈന ടിബറ്റും സിൻജിയാങ്ങും പിടിച്ചെടുത്തതും തയ്‌വാനിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഹോങ്‌ കോങ്ങിൽ നടത്തിവരുന്ന ജനാധിപത്യസമരങ്ങളും എടുത്തുപയോഗിക്കുന്നതിൽ കഴിഞ്ഞ 70 വർഷമായി ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. 1962 മുതൽ ന്യൂഡൽഹിയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെതിരേ ഇവ ഉപയോഗിക്കാൻ ഇനിയും ഇന്ത്യയ്ക്കായിട്ടില്ല.

(ന്യൂഡൽഹി ആസ്ഥാനമായ ലോ ആൻഡ് സൊസൈറ്റി അലയൻസ് ചെയർമാനും ഡിഫൻസ് കാപിറ്റൽമാസികയുടെ പത്രാധിപരുമാണ് ലേഖകൻ)‍

Content Highlights: India- China Conflict Ladakh