ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം പലകുറിയുണ്ടായിട്ടും നാല് പതിറ്റാണ്ടിനിടെ ഒരൊറ്റ ബുള്ളറ്റുപോലും പ്രയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രണ്ടുവർഷം മുമ്പാണ്. മോദിയുടെ വാക്കുകളെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വാഴ്ത്തുകയും ചെയ്തു. എന്നാൽ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ സംഭവം അതിനുമേൽ കരിനിഴൽ വീഴ്ത്തുന്നു. 45 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ-ചൈന സംഘർഷത്തിൽ ജീവൻ പൊലിയുന്നത്; കൃത്യമായി പറഞ്ഞാൽ 1975-നു ശേഷം.

1975-ൽ ഇന്ത്യ-ടിബറ്റ്‌ അതിർത്തിക്കടുത്ത് ടുലൂങ്ങിലായിരുന്നു സംഘർഷം. ഇന്ത്യൻ പട്ടാളക്കാർ ടുലൂങ്ങിലെ നിയന്ത്രണരേഖ മറികടന്നെന്ന് ചൈന കുറ്റപ്പെടുത്തി. അതിർത്തി കടന്ന പട്ടാളക്കാരിൽ നാലു പേരെ വധിച്ചെന്നും വ്യക്തമാക്കി. എന്നാലിത് ഇന്ത്യൻ എംബസി പിന്നീട് നിഷേധിച്ചു.

ജമ്മുകശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ 3488 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ. ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖല. ഈ അതിർത്തിയുടെ പല ഭാഗവും ഇപ്പോഴും വ്യക്തമായി നിർണയിച്ചിട്ടില്ല. കോളനി ഭരണത്തിന്റെ ബാക്കിപത്രമാണിത്. പല കാലങ്ങളിൽ വരച്ച ഭൂപടങ്ങളെ പല തരത്തിലാണ് ഇരുരാജ്യവും മനസ്സിലാക്കിയത്. ഇവ രണ്ടുമാണ് പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തിപ്രശ്നത്തിന്റെ കാരണവും.

അതിർത്തി വിഷയത്തിലുള്ള സംഘർഷങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിൽ പതിവാണ്. ചൈനീസ് അതിർത്തി പട്രോളുകൾ പലപ്പോഴും നിയന്ത്രണരേഖ (എൽ.ഒ.സി.) കടന്ന് ഇന്ത്യൻ ഭാഗത്തേക്കു വരാറുള്ളത് പുതിയ കാര്യമല്ല. 1962-ലെ യുദ്ധത്തിനുശേഷം ചെറിയതോതിലുള്ള സംഘർഷങ്ങൾക്ക് പലപ്പോഴും അതിർത്തി വേദിയാകാറുണ്ട്. എന്നാൽ ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ അതിർത്തി വിഷയത്തിലുള്ള സംഘർഷം ഇത്രത്തോളം മൂർച്ഛിക്കുന്നത് ആദ്യമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പതിവ് തർക്കപ്രദേശമായ ലഡാക്കിൽ 1865-ൽ ബ്രിട്ടീഷുകാർ വരച്ച അതിർത്തിയാണ് ഇന്ത്യ അംഗീകരിക്കുന്നത്. ഇതനുസരിച്ച് അക്സായി ചിൻ ജമ്മു കശ്മീരിന്റെ ഭാഗമാണ്. എന്നാൽ ഇത് ചൈന അംഗീകരിക്കുന്നില്ല. അംഗീകരിക്കുന്നില്ലെന്ന് അറിയിക്കാനായി 1950-കളിൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ്ങിനെയും ടിബറ്റിനെയും ബന്ധിപ്പിച്ച് അക്സായി ചിന്നിലൂടെ റോഡും പണിതു.

വടക്കുകിഴക്ക് ഭാഗത്തെത്തിയാൽ അതിർത്തിരേഖയായി ഇന്ത്യ അംഗീകരിക്കുന്നത് മക്മോഹൻ രേഖയാണ്. 1914-ലെ ഷിംല സമ്മേളനത്തിൽ ബ്രിട്ടന്റെയും ടിബറ്റിന്റെയും പ്രതിനിധികൾ അംഗീകരിച്ച ഈ രേഖയെ ചൈന വിലവെക്കുന്നില്ല. ടിബറ്റിനെ സ്വതന്ത്ര പരമാധികാര രാജ്യമായി ചൈന കണക്കാക്കുന്നില്ല എന്നതാണ് കാരണം. അരുണാചൽ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നാണ് ഇപ്പോഴും ചൈനയുടെ വാദം.

ഇന്ത്യ സ്വതന്ത്രയായി രണ്ടു വർഷത്തിനുശേഷം രൂപവത്കൃതമായ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നല്ല ബന്ധം എന്നതായിരുന്നു ജവാഹർലാൽ നെഹ്രു സർക്കാരിന്റെ നയം. ടിബറ്റിൽ ചൈന കടന്നുകയറിയതോടെ ഈ തത്ത്വം പാലിക്കാൻ നിർവാഹമില്ലാതെ വന്നു. എങ്കിലും 1954-ൽ പഞ്ചശീല തത്ത്വങ്ങളിലൂടെ ‘ഇന്ത്യ-ചൈന ഭായിഭായി’ എന്ന നയമാണ് നെഹ്രു സ്വീകരിച്ചത്. ഇന്ത്യയെ അപ്പോഴും സംശയത്തോടെ വീക്ഷിച്ചിരുന്ന ചൈന, ടിബറ്റിലെ വിപ്ലവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു ധരിച്ചു. ദലൈ ലാമയ്ക്ക് അഭയം നൽകിയത് ഈ ധാരണയ്ക്ക് ആക്കം കൂട്ടി.

1962 ഒക്ടോബർ 20-ന് നിനച്ചിരിക്കാതെ ഇന്ത്യയെ ചൈന ആക്രമിച്ചു. ഇന്ത്യ യുദ്ധത്തിന് സജ്ജമായിരുന്നില്ല. യുദ്ധം ഒരുമാസത്തോളം നീണ്ടു. നവംബർ 21-ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു. 1967 സെപ്റ്റംബറിലും ഒക്ടോബറിലും ചൈനീസ് പട്ടാളം നാഥു ലാ ചുരത്തിലും കുറച്ചു വടക്കു മാറിയുള്ള ഛോ ലാ ചുരത്തിലും ഇന്ത്യൻ സൈനിക പോസ്റ്റുകളെ ആക്രമിച്ചു. അതിർത്തിവേലി കെട്ടുകയായിരുന്ന പട്ടാളക്കാർക്കു നേരെയായിരുന്നു നാഥു ലായിൽ ആക്രമണം. എന്നാൽ സ്ഥിതി 1962-ലേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ ചെറുത്തുനിൽപ്പിലും തിരിച്ചടിയിലും ചൈനീസ് പട്ടാളം നാശനഷ്ടങ്ങളോടെ പിൻമാറി. നാഥു ലായിലെ ഒട്ടേറെ ചൈനീസ് പട്ടാള പോസ്റ്റുകൾ ഇന്ത്യ തകർക്കുകയും ചെയ്തു. ഛോ ലാ ചുരത്തിൽ ചൈനീസ് പട്ടാളത്തെ മൂന്ന്‌ കിലോമീറ്റർ പിന്നോട്ടോടിക്കാൻ ഇന്ത്യക്കായി.

യുദ്ധാനന്തരം 1976-ൽ നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും അതിർത്തിത്തർക്കം പരിഹരിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്ക് ഇതുവരെ പുരോഗതി കൈവരിക്കാനായില്ല.

Content Highlights: India- China Border dispute; no casualty reported in 4 decade