ന്യൂഡൽഹി: ചൈന ആക്രമണത്തിനുമുതിർന്നാൽ നേരിടുന്നതിനായി കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലേക്ക് (എൽ.എ.സി.) ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെ ഇന്ത്യ അയച്ചു. വടക്കൻ ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ 2013-ൽ ചൈനയുമായി സംഘർഷമുണ്ടായതിനുശേഷം ഇപ്പോഴാണ് ഇത്രവലിയ സൈനികസന്നാഹത്തെ ഇന്ത്യ അയക്കുന്നത്. 50 ദിവസത്തിലേറെയായി കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന (പി.എൽ.എ.) തുടരുന്ന ആക്രമണോത്സുകതയ്ക്കുള്ള മറുപടിയായാണിത്.

ഇന്ത്യൻ പ്രതിരോധത്തെ അതിജീവിക്കാൻ ഒരുലക്ഷം പട്ടാളക്കാരെയെങ്കിലും ചൈനയ്ക്കുവേണ്ടിവരും. എന്നാൽ, ഇതുവരെ അത്രയേറെപ്പേരെ ചൈന വിന്യസിച്ചിട്ടില്ല. “ഇത്രവലിയ സേനാവിന്യാസം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിർത്തിയിൽ സംഘർഷമുണ്ടാക്കാൻപോന്നത്ര പട്ടാളക്കാരെയേ അയച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ” -കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിവുള്ള സേനാ ഉദ്യോഗസ്ഥൻ പേരുവെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ പറഞ്ഞു.

“എൽ.എ.സി.ക്കപ്പുറമുള്ള സ്വന്തം പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ആക്രമാസക്തമായ പെരുമാറ്റമുണ്ടായിട്ടില്ല. എൽ.എ.സി.യിൽ റോന്തുചുറ്റുന്ന പി.എൽ.എ. സംഘങ്ങളാകട്ടെ സ്വന്തം പ്രദേശത്തേക്ക് ഉൾവലിഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ സ്വന്തം സ്ഥലത്തുതന്നെയാണുള്ളത്. അതിനാൽ അവർ നേർക്കുനേർ വരുന്നില്ല. പ്രകോപനമുണ്ടാക്കാതെ സേനാപിന്മാറ്റം നടക്കുകയും ചെയ്യും” -മറ്റൊരു സൈനികോദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ചു ബ്രിഗേഡുകളിലായി 15,000 പട്ടാളക്കാരെയാണ് ഇന്ത്യ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാലാൾപ്പടയ്ക്കൊപ്പം യുദ്ധ ടാങ്കുകൾ, തോക്കുകൾ, വ്യോമപ്രതിരോധ തോക്കുകൾ, അമേരിക്കയിൽനിന്ന് പുതുതായി വാങ്ങിയ അപ്പാച്ചിയുൾപ്പെടെയുള്ള ആക്രമണ ഹെലികോപ്റ്ററുകൾ എന്നിവയും അയച്ചിട്ടുണ്ട്.

എൽ.എ.സി.ക്കപ്പുറം തമ്പടിച്ചിരിക്കുന്ന പി.എൽ.എ.യുമായി എണ്ണത്തിലും കരുത്തിലും തുല്യത കൈവരിക്കുക എന്നതാണ് കരസേനയുടെ പ്രാഥമിക ദൗത്യം. പി.എൽ.എ. അംഗങ്ങൾ എൽ.എ.സി.യിൽനിന്നു പിന്മാറുന്നത് നിരീക്ഷിച്ചു കാത്തിരിക്കുകയാണ് ഇന്ത്യയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്മാറ്റം വളരെ സാവധാനത്തിലാണെന്നും പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്നും അവർ പറഞ്ഞു.

“കിഴക്കൻ ലഡാക്കിലെ എൽ.എ.സി.യിൽ നീണ്ടകാലം ചെലവഴിക്കാൻ കരസേന സജ്ജമാണ്. ഇവിടത്തെ കാലാവസ്ഥയുമായി സൈനികർ നന്നായി ഇണങ്ങിക്കഴിഞ്ഞു. മാസങ്ങളോളം ഇവിടെക്കഴിയാൻ അവർക്കാവും. അതിർത്തിയോടുചേർന്ന പ്രദേശങ്ങളിലെ സൈനികരുടെ അംഗബലം കൂട്ടുന്നകാര്യത്തിലും അവർക്കാവശ്യമായ ആയുധങ്ങളും ആഹാരവും മറ്റുവസ്തുക്കളും ലഭ്യമാക്കുന്നതിലുമാണ് ഇനി ശ്രദ്ധപതിപ്പിക്കേണ്ടത്” -അവർ പറഞ്ഞു.

ഈ മാസം 22-ന് ഇരുഭാഗത്തെയും കോർ കമാൻഡർമാർ നടത്തിയ ചർച്ചയ്ക്കുശേഷം ഇന്ത്യയുടെ പ്രദേശത്ത് പി.എൽ.എ. വീണ്ടും കൂടാരങ്ങൾ കെട്ടിയെന്ന വാർത്ത ഉദ്യോഗസ്ഥർ നിഷേധിച്ചു. “ഉപഗ്രഹചിത്രങ്ങൾ വഴിതെറ്റിക്കുന്നവയാണ്. അവ അവിടെനടക്കുന്ന കാര്യങ്ങളുടെ യഥാർഥചിത്രം നൽകുന്നില്ല. ഇന്ത്യൻസേന നീക്കംചെയ്തശേഷം എൽ.എ.സി.ക്കിപ്പുറം ചൈനീസ് പട്ടാളം കൂടാരങ്ങളുണ്ടാക്കിയിട്ടില്ല. പി.എൽ.എ. കെട്ടിയ താത്കാലിക കൂടാരങ്ങളെച്ചൊല്ലി അവസാനം നടന്ന ഏറ്റുമുട്ടൽ ഗാൽവൻ താഴ്‌വരയിലേതാണ്” -മുമ്പു പരാമർശിച്ച ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

(ഡിഫൻസ് ക്യാപിറ്റൽ മാസികയുടെ പത്രാധിപരാണ് ലേഖകൻ)