ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പലിശ സബ്‌സിഡി ഇനി വലിയവീടുകൾക്കും ലഭിക്കും. 18 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മധ്യവർഗ കുടുംബത്തിന് (എം.ഐ.ജി-രണ്ട്) 2153 ചതുരശ്ര അടിവരെ(ഉൾവശം) വിസ്തീർണമുള്ള വീടുവെയ്ക്കാനോ ഫ്ലാറ്റ് വാങ്ങാനോ സബ്‌സിഡി ലഭിക്കും. നേരത്തെയിത് 1615 ചതുരശ്രയടി ആയിരുന്നു. 12 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് (എം.ഐ.ജി-ഒന്ന്) 1722 ചതുരശ്രയടി വരെയുള്ള വീടുവെയ്ക്കാം. നേരത്തെയിത് 1291 ചതുരശ്രയടി ആയിരുന്നു.

എം.ഐ.ജി. ഒന്ന് വിഭാഗക്കാർക്ക് ഒമ്പതുലക്ഷം രൂപവരെയും രണ്ടാംവിഭാഗത്തിലുള്ളവർക്ക് 12 ലക്ഷം രൂപവരെയും ഉള്ള ബാങ്കുവായ്പയ്ക്കാണ് പലിശയിളവ് ലഭിക്കുക. പലിശയിൽ യഥാക്രമം നാലുശതമാനവും മൂന്നുശതമാനവും വാർഷിക സബ്‌സിഡി കിട്ടും. വായ്പാകാലാവധി 20 വർഷംവരെയാകാം. പദ്ധതി പ്രകാരം പലിശ സബ്‌സിഡി നേരത്തെ കിട്ടുകയും ചെയ്യും. ഒമ്പതുലക്ഷത്തിനും പന്ത്രണ്ടുലക്ഷത്തിനും മുകളിലുള്ള വായ്പത്തുകയ്ക്ക് സാധാരണ പലിശ നൽകണം.

നിർമ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും അഭ്യർഥന കണക്കിലെടുത്താണ് നഗരവികസന മന്ത്രാലയം ഇതുസംബന്ധിച്ച ചട്ടത്തിൽ ഭേദഗതി വരുത്തിയത്. ചെറിയ നഗരങ്ങളിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ഇതു പ്രയോജനപ്പെടും. സബ്‌സിഡിക്ക് അർഹമായ വീടിന്റെ വിസ്തീർണം പുതുക്കി നിശ്ചയിക്കുന്നത് ഇതു രണ്ടാമത്തെ പ്രാവശ്യമാണ്. 2017 ജനുവരിയിൽ പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയതുമുതൽ രണ്ടു വിഭാഗങ്ങളിലുമുള്ള മധ്യവർഗക്കാർക്ക് ഈ വകയിൽ 737 കോടി രൂപയുടെ സബ്‌സിഡി ലഭിച്ചിട്ടുണ്ട്.

സാമ്പത്തികമായി വളരെ പിറകിൽ നിൽക്കുന്നവർക്കും ആറു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എൽ.ഐ.ജി. വിഭാഗക്കാർക്കും ആറുലക്ഷം രൂപവരെയുള്ള ബാങ്കു വായ്പയ്ക്ക് ആറര ശതമാനം പലിശയിളവ് ലഭിക്കും. ഇവർക്കു യഥാക്രമം 322 ചതുരശ്ര അടിയും 645 ചതുരശ്ര അടിയും വിസ്തീർണമുള്ള വീടുകൾക്കാണ് സബ്‌സിഡി ലഭിക്കുക.