മുംബൈ: മീരാഭയന്തർ എം.എൽ.എ. ഗീതാ ജയിൻ ശിവസേനയിൽ ചേർന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അടുത്തകാലം വരെ മീരാഭയന്തറിൽ ബി.ജെ.പി.യുടെ പ്രമുഖ നേതാവായിരുന്ന ഗീതാ ജയിൻ മേയറായിരുന്നിട്ടുണ്ട്.

ബി.ജെ.പി. നേതാവായ നരേന്ദ്രമേത്തയുമായുള്ള ഗ്രൂപ്പ് പോരാണ് പാർട്ടിയിൽ ഗീതാ ജയിൻ ഒറ്റപ്പെടാനിടയാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മേത്തക്കെതിരേ സ്വതന്ത്രയായി മത്സരിച്ച് അവർ വൻവിജയം നേടിയിരുന്നു. ജയിച്ച് കഴിഞ്ഞശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്രഫഡ്‌നവിസിനെ കണ്ട് അവർ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പാർട്ടി തന്നെ ഉൾക്കൊണ്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഇപ്പോൾ ശിവസേനിൽ ചേർന്നത്.

മീരാഭയന്തർ നഗരസഭയിൽ ഗീതാ ജയിനിനെ പിന്തുണയ്ക്കുന്ന നഗരസഭാംഗങ്ങളും ശിവസേനയിൽ ചേരുമെന്നാണ് അറിയുന്നത്. മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സേ ബി.ജെ.പി. വിട്ട് എൻ.സി.പി.യിൽ ചേർന്നതിനു പിന്നാലെയാണ് ഗീതാ ജയിൻ ശിവസേനയിലേക്ക് പോയത്. മീരാഭയന്തർ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ശിവസേനയ്ക്ക് ഗീതാജയിനിന്റെ നേതൃത്വം ഗുണകരമാകുമെന്ന് വിലയിരുത്തുന്നു. ഗീതാജയിൻ പാർട്ടിയിൽ ചേർന്നതോടെ നിയമസഭയിൽ ശിവസേനയുടെ അംഗബലം 65 ആയി. 56 അംഗങ്ങളുണ്ടായിരുന്ന പാർട്ടിയിലേക്ക് ഗീതാജയിൻ ഉൾപ്പെടെ ഒമ്പത് അംഗങ്ങളാണ് പിന്നീട് എത്തിയത്.