മുംബൈ: പാൻകാർഡ് ഇല്ലാത്തവർക്കും ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ അവസരവുമായി കേന്ദ്രസർക്കാർ.
പാൻനമ്പർ നൽകുന്നതിനു പകരം ആധാർനമ്പർ നൽകി റിട്ടേൺ സമർപ്പിക്കാമെന്നു ബജറ്റുപ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ-പാൻ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാമെന്നാണു നിർദേശം. 120 കോടി ആളുകൾക്കു നിലവിൽ ആധാർ ലഭിച്ചിട്ടുണ്ട്. നികുതിദായകർക്ക് എളുപ്പത്തിനുവേണ്ടിയാണ് ഈ മാറ്റം.
സവിശേഷ തിരിച്ചറിയൽ അതോറിറ്റിയിൽനിന്ന് (യു.ഐ.എ.ഐ.) ഇവരുടെ വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ആദായനികുതി വകുപ്പ് അവർക്ക് പിന്നീട് പാൻകാർഡ് ലഭ്യമാക്കും. ആധാർകാർഡും പാൻ നമ്പറും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് പാൻ നമ്പർ നൽകുന്നിടത്ത് ആധാർനമ്പർ നൽകാനുള്ള സൗകര്യമൊരുക്കാനും ശുപാർശയുണ്ട്. കൂടാതെ, ഇന്ത്യൻ പാസ്പോർട്ട് ഉള്ള വിദേശ ഇന്ത്യക്കാർ ഇന്ത്യയിൽ എത്തിയാലുടൻ ആധാർ ലഭ്യമാക്കും. നിലവിൽ 180 ദിവസം കാത്തിരിക്കണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.