അഹമ്മദാബാദ്: സൂറത്ത് സിറ്റി ബി.ജെ.പി. വൈസ് പ്രസിഡന്റ് പി.വി.എസ്. ശർമയുടെ വസതിയിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ തിരച്ചിലിൽ 80 കോടി രൂപയുടെ അനധികൃത സ്വത്തിന്റെ തെളിവുകൾ കണ്ടെത്തി. നോട്ട് അസാധുവാക്കലിന്റെ മറവിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ടായിരം കോടി രൂപയുടെ വെട്ടിപ്പിന് കൂട്ടുനിന്നെന്ന് ശർമ പരസ്യമായി ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്.

ആദായനികുതി വകുപ്പ് ഓഫീസറായിരുന്ന ശർമ 2007-ൽ സ്വയം വിരമിച്ച ശേഷം ബി.ജെ.പി.യിൽ പ്രവർത്തിച്ചു വരികയാണ്. പാർട്ടിയുടെ ഐ.ടി. സെല്ലിന്റെ ചുമതല വഹിച്ചിരുന്നു. മുമ്പ് സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി ചെയ്യുന്നതായി രേഖകളുണ്ട്. സൂറത്തിൽ ഒരു പ്രാദേശിക പത്രവും നടത്തുന്നുണ്ട്. നഗരത്തിലെ ഒരു ജുവലറി നോട്ട് അസാധുവാക്കലിന്റെ ദിവസങ്ങളിൽ 110 കോടി രൂപയുടെ കച്ചവടം നടത്തിയെന്നും 80 ലക്ഷം രൂപ നികുതി ഈടാക്കി ചില ഉദ്യോഗസ്ഥർ ഒതുക്കിത്തീർത്തെന്നും കഴിഞ്ഞദിവസമാണ് ശർമ ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്.

പ്രധാനമന്ത്രിയെയും ടാഗ് ചെയ്തിരുന്നു. ഇതേരീതിയിൽ രണ്ടായിരം കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഇദ്ദേഹം തന്റെ മുൻ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ആരോപണം ഉയർത്തിയത്. പിന്നാലെയായിരുന്നു റെയ്ഡ്. ഒരു കിലോ സ്വർണവും 40 ലക്ഷം രൂപയും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. സൂറത്തിലെ ആദായനികുതി ഉദ്യോഗസ്ഥരെ അറിയിക്കാതെ അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തിരച്ചിലിൽ പ്രതിഷേധിച്ച് ശർമ റോഡിൽ ധർണ നടത്തിയിരുന്നു.

അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് തന്നോട് ആദായനികുതി വകുപ്പ് പക പോക്കുകയാണെന്നാണ് ശർമയുടെ ആരോപണം. എന്നാൽ നേരത്തേതന്നെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ നോട്ടീസ് നൽകിയിരുന്നെന്ന് വകുപ്പ് വെളിപ്പെടുത്തി. ശർമയെ പിന്തുണച്ച് ബി.ജെ.പി. നേതാക്കളാരും രംഗത്തുവന്നിട്ടുമില്ല.

Content Highlights: Income Tax Department Conducts Search At BJP Leader's House In Gujarat