ജയ്‌പുർ: പെൺകുട്ടികൾക്കായുള്ള സർക്കാർ സ്കൂളുകളിൽ ചെറുപ്പക്കാരായ പുരുഷ അധ്യാപകരെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. അധ്യാപകന്മാർ വിദ്യാർഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരാലോചന.

അധ്യാപികമാരെയും 50 വയസ്സിനു മുകളിലുള്ള അധ്യാപകന്മാരെയും മാത്രമേ ഇനി ഇത്തരം സ്കൂളുകളിൽ നിയമിക്കൂ. മുതിർന്ന അധ്യാപകരുടെ അടുത്ത് പെൺകുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ സുഗമമായി പങ്കുവെക്കാനാകുമെന്ന നിരീക്ഷണത്തിലാണ് പരിഷ്‌കാരം. അധ്യാപകസംഘടനകളുമായി ചർച്ച ചെയ്തശേഷംമാത്രമേ ഇത് നടപ്പാക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസ്‌റ പറഞ്ഞു.

തീരുമാനത്തിനെതിരേ അധ്യാപകസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഒന്നോ രണ്ടോ അധ്യാപകർ ചെയ്തകുറ്റത്തിന് എല്ലാവരെയും മോശക്കാരാക്കുന്നത് ശരിയല്ലെന്നും സർക്കാരിന്റെ തെറ്റായ ചിന്തയാണിതെന്നും അധ്യാപകസംഘടനാ നേതാവായ ഉപേന്ദ്ര ശർമ പറഞ്ഞു. സംസ്ഥാനത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന 68,910 സ്കൂളുകളാണുള്ളത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന 1019 സ്കൂളുകളും. ആകെയുള്ള 3.82 ലക്ഷം അധ്യാപകരിൽ 30 ശതമാനം മാത്രമാണ് അധ്യാപികമാർ.

Content Highlights: In Rajasthan, male teachers may excluded from girls olny schools