തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ബംഗാളിൽ അമിത് ഷാ-മമത വാക്പോരായിരുന്നെങ്കിൽ ഇപ്പോഴത് മോദി-മമത ‘വാക് യുദ്ധ’മായി. കഴിഞ്ഞദിവസം ബ്രിഗേഡ് മൈതാനിയിൽ നടന്ന റാലിയിൽ മമതയെ കുറ്റപ്പെടുത്തിയാണ് മോദി സംസാരിച്ചത്. ദീദിയും കൂട്ടരും ബംഗാളി ജനതയെ വഞ്ചിച്ചെന്നും ബി.ജെ.പി. അധികാരത്തിൽ വന്നാൽ സുവർണ ബംഗാൾ സൃഷ്ടിക്കുമെന്നായിരുന്നു മോദി പ്രസംഗത്തിൽ പറഞ്ഞത്. ഉടനെ മമതയുടെ മറുപടിയുമെത്തി. തൃണമൂൽ സർക്കാരിനെതിരേ മോദി പച്ചക്കള്ളവും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേരുനൽകി, ബഹിരാകാശത്തേക്ക് സ്വന്തം ചിത്രം അയച്ചു. ഇനി രാജ്യത്തിന് അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമായിരിക്കും വരാനിരിക്കുന്നത് എന്നൊക്കെയായിരുന്നു മമതയുടെ പരിഹാസം. തിരഞ്ഞെടുപ്പ് ചൂട് അടുക്കുന്തോറും വാക്പോര് വീണ്ടും കനക്കാനാണ് സാധ്യത.

പ്രാദേശിക പാർട്ടികളുടെ വരവ് മമതയ്ക്ക് കരുത്തേകുമോ

ആർ.ജെ.ഡി. ഉൾപ്പെടുന്ന പ്രാദേശിക പാർട്ടികളുടെ വരവ് തങ്ങൾക്ക് കരുത്താകുമെന്നാണ് തൃണമൂൽ ക്യാന്പിലെ വിശ്വാസം.

തേജസ്വിയുടെ വരവിനെ പാർട്ടി ഗുണപരമായാണ് കാണുന്നത്. കഴിഞ്ഞമാസം എൻ.സി.പി.യും തൃണമൂലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജാർഖണ്ഡ് മുക്തിമോർച്ച, ശിവസേന, സമാജ് വാദി പാർട്ടി എന്നിവർ ടി.എം.സി.യുമായി സഖ്യത്തിലോ അല്ലെങ്കിൽ സ്വതന്ത്രമായോ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരുടെ വോട്ടുകൾ പ്രാദേശിക പാർട്ടികളുടെ വരവോടെ ഭിന്നിക്കുമെന്ന കണക്കുകൂട്ടലിലാണ് തൃണമൂൽ. അത് കൂടുതലും ദോഷംചെയ്യുക ബി.ജെ.പിക്കാകുമെന്നും തൃണമൂൽ നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ ആർ.ജെ.ഡി. തൃണമൂലുമായി കൂട്ടുചേരുന്നത് തങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നാണ് ബി.ജെ.പി. ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവരൊക്കെ ഒന്നിച്ച് മമതയോടൊപ്പം ചേർന്നിട്ടും എന്താണ് സംഭവിച്ചതെന്ന് കണ്ടതല്ലേയെന്നും ആ വിധിതന്നെ ഇത്തവണയും അവർക്കുണ്ടാകുമെന്നും ദിലീപ് ഘോഷ് പറയുന്നു.

കഴിഞ്ഞദിവസം ടൈംസ് നൗ-സീവോട്ടർ പുറത്തുവിട്ട അഭിപ്രായ സർവേയിലും മമതയുടെ തുടർഭരണമാണ് സൂചിപ്പിക്കുന്നത്. ആകെയുള്ള 294 നിയമസഭ സീറ്റുകളിൽ തൃണമൂൽ 154 സീറ്റുകളും ബി.ജെ.പി. 107 സീറ്റുകളും നേടുമെന്നും സർവേ പ്രവചിക്കുന്നു. നന്ദിഗ്രാമിൽ മത്സരിക്കുന്ന മമത ബാനർജി ബുധനാഴ്ച പത്രിക സമർപ്പിക്കും. തൃണമൂൽ വിട്ട്‌ ബി.ജെ.പി.ലെത്തിയ ശുവേന്ദു അധികാരിയെയാണ്‌ പാർട്ടി മമതക്കെതിരേ നന്ദിഗ്രാമിൽ മത്സരിപ്പിക്കുന്നത്‌. ചൊവ്വാഴ്ച ബൂത്ത്‌ ലെവൽ പ്രവർത്തകർക്കായി നടത്തിയ റാലിയോടെയായിരുന്നു മമതയുടെ നന്ദിഗ്രാമിലെ പര്യടനം തുടങ്ങിയത്‌.

മമതയെ ഞെട്ടിച്ച്...

തങ്ങളുടെ അഞ്ച് എം.എൽ.എ.മാർ കഴിഞ്ഞദിവസം പാർട്ടി വിട്ട് ബി.ജെ.പി.യിൽ ചേർന്നതാണ് തൃണമൂലിനെ ഞെട്ടിച്ചത്. ശീതൾ സർദാർ, സോണാലി ഗുഹ, രബീന്ദ്രനാഥ് ഭട്ടചാര്യ, ജത്തു ലഹിരി, ഫുട്‌ബോൾതാരം ദീപേന്ദു ബിശ്വാസ്, എന്നിവരാണ് ബി.ജെ.പി.യിൽ ചേർന്നത്. ഇത്തവണത്തെ ടിഎം.സി. സ്ഥാനാർഥിപ്പട്ടികയിലുണ്ടായിരുന്ന സരള മുർമുവും ബി.ജെ.പി.യിത്തെിയത് മമത ക്യാമ്പിന് തിരിച്ചടിയായി. അംഗങ്ങളുടെ കൂറുമാറ്റത്തിലൂടെ മാൽഡ ജില്ലാ പരിഷത്ത് ഭരണവും തൃണമൂലിന് നഷ്ടമായി. ജില്ലാ പരിഷത്തിലെ പതിനാല് ടി.എം.സി. അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നതോടെയാണിത്. മുതിർന്ന തൃണമുൽ നേതാവും രാജ്യസഭാ എം.പി.യുമായ ദിനേഷ് ത്രിവേദി കഴിഞ്ഞദിവസം പാർട്ടി വിട്ട് ബി.ജെ.പി.യിൽ ചേർന്നിരുന്നു.

താരത്തിളക്കത്തിൽ...

സിനിമാ നടന്മാരെയും ഫുട്‌ബോൾ, ക്രിക്കറ്റ് താരങ്ങളെയും പരമാവധി രംഗത്തിറക്കാനാണ് ടി.എം.സി.യുടെയും ബിജെ.പി.യുടെയും ശ്രമം. കൂട്ടുകാരായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയത്തിൽ കളംപിരിയുന്ന കാഴ്ചയും ബംഗാൾ രാഷ്ട്രീയത്തിൽ കണ്ടു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമുലിന് വേണ്ടി ഷിബ്പുരിൽ മത്സരിക്കും. കൂട്ടുകാരൻ അശോക് ഡിൻഡ മൊയ്‌നയിൽ ബി.ജെ.പി.ക്ക് വേണ്ടിയും. ഫുട്‌ബോൾ താരം ബിദേഷ് ബോസ് ഉലുബേരിയ ഈസ്റ്റിൽ തൃണമൂൽ ടിക്കറ്റിൽ ജനവിധി തേടും. സീറ്റ് കിട്ടാത്തതിനാൽ ബി.ജെ.പി.യിലേക്ക് പോയ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ദീപേന്ദു ബിശ്വാസ് ഇക്കുറിയും ഗോദയിലിറങ്ങിയേക്കും. ബംഗാളി സിനിമതാരങ്ങളായ രാജ് ചക്രബർത്തി, കാഞ്ചൻ മല്ലിക്, സായോണി ഘോഷ്, കൗശാണി മുഖർജി, ലവ്‌ലി മൈത്ര എന്നിവർ തൃണമൂലിനുവേണ്ടി വിവിധ മണ്ഡലങ്ങളിൽ പോരിനിറങ്ങും. സിനിമമേഖലയിലെ പ്രമുഖരായ നിലവിലെ എം.എൽ.എ.മാരെയും ഇത്തവണയും മമത രംഗത്തിറക്കുന്നുണ്ട്. ബ്രാത്യ ബസു, ചിരഞ്ജീത് ചക്രബർത്തി, ഇന്ദ്രാണിൽ സെൻ, സോഹം ചക്രബർത്തി എന്നിവരാണ്‌ വീണ്ടും ജനവിധി തേടുന്നത്‌.

നന്ദിഗ്രാമിൽ ബി.ജെ.പിക്ക്‘ഏപ്രിൽ ഫൂൾ’ നൽകൂ -മമത

കൊൽക്കത്ത: നന്ദിഗ്രാമിലെ വോട്ടെടുപ്പിൽ ബി.ജെ.പിക്ക് ‘ഏപ്രിൽ ഫൂൾ’ നൽകാൻ മമതയുടെ ആഹ്വാനം. രണ്ടാംഘട്ടത്തിൽ ഏപ്രിൽ ഒന്നിനാണ് നന്ദിഗ്രാമിലെ വോട്ട്.

‘ഏപ്രിൽ ഒന്നിന് നടക്കുന്ന വോട്ടെടുപ്പിൽ അവർക്ക് ഏപ്രിൽ ഫൂൾ നൽകണം. മേയ് രണ്ടിന് അവർക്കത് മനസ്സിലായിക്കൊള്ളും’ മമത പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മമത നന്ദിഗ്രാമിലെത്തിയത്. ജനുവരി 18-ന് ഇവിടെ ചേർന്ന പൊതുയോഗത്തിലായിരുന്നു തന്റെ സ്ഥാനാർഥിത്വം മമത പ്രഖ്യാപിച്ചത്.