ന്യൂഡല്‍ഹി: ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയില്‍ നടക്കുന്ന ഷാങ്‍ഹായ് സഹകരണ സംഘടന (എസ്.സി.ഒ)യുടെ മേഖലാ ഉച്ചകോടിയിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. നിലവിലെ നടപടിക്രമമനുസരിച്ച് എട്ട് അംഗരാജ്യങ്ങളുടെ തലവന്‍മാരെയും നാല് നിരീക്ഷകരാജ്യങ്ങളെയും ക്ഷണിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഷാങ്‍ഹായ് സഹകരണ സംഘടനയുടെ മേഖലാ ഉച്ചകോടിയിലേക്ക് ഇമ്രാന്‍ ഖാനെ ക്ഷണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിദേശകാര്യവക്താവിന്റെ പ്രതികരണം. എസ്.സി.ഒ.യില്‍ നിലവില്‍ എട്ട് അംഗരാജ്യങ്ങളും നാല് നിരീക്ഷകരാജ്യങ്ങളും ചില അന്താരാഷ്ട്ര സംഘടനകളുമാണുള്ളത്. ഇവരെ ഉച്ചകോടിയിലേക്ക് ക്ഷണിക്കും. അതിനപ്പുറമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

യൂറേഷ്യന്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഖ്യമെന്ന നിലയില്‍ 2001-ലാണ് ചൈനയുടെ നേതൃത്വത്തില്‍ ഷാങ്‍ഹായ് സഹകരണ സംഘടന രൂപമെടുത്തത്. നിലവില്‍ ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്െബക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് സംഘടനയിലെ അംഗങ്ങള്‍. 2017-ലാണ് ഇന്ത്യയും പാകിസ്താനും എസ്.സി.ഒ.യില്‍ അംഗങ്ങളായത്.

ഇവരെക്കൂടാതെ നാല് നിരീക്ഷകരാജ്യങ്ങളും ആറ് ചർച്ചാ പങ്കാളികളും നാല് അതിഥിസംഘടനകളുമുണ്ട്. അഫ്ഗാനിസ്താന്‍, ബെലാറസ്, ഇറാന്‍, മംഗോളിയ എന്നിവയാണ് നിരീക്ഷകരാജ്യങ്ങള്‍. അര്‍മേനിയ, അസര്‍ബയ്‌ജാന്‍, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കി എന്നിവയാണ് ചർച്ചാപങ്കാളികള്‍. ഐക്യരാഷ്ട്രസഭ, ആസിയാന്‍, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് എന്നിവയാണ് അതിഥിസംഘടനകള്‍.

Content Highlights: Imran Khan SCO