മുംബൈ: ഇന്ത്യയുടെ സാമ്പത്തികവളർച്ചനിരക്ക് പ്രതീക്ഷിച്ചതിനെക്കാൾ ഏറെത്താഴെയാണെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.).

കോർപ്പറേറ്റ് രംഗത്തെയും പരിസ്ഥിതി മേഖലയിലെയും നിയമങ്ങളിലെ അനിശ്ചിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തളർച്ചയുമാണ് ഇതിനു കാരണമെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ സാമ്പത്തികവളർച്ച ആറുവർഷത്തെ താഴ്ന്ന നിലവാരമായ അഞ്ചു ശതമാനത്തിലെത്തിയതായി കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞവർഷം എട്ടു ശതമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. ഈ സാഹചര്യത്തിലാണ് തങ്ങൾ പ്രതീക്ഷിച്ചതിലും ദുർബലമാണ് ഇന്ത്യയുടെ വളർച്ചനിരക്കെന്ന് ഐ.എം.എഫ്. വക്താവ് ജെറി റൈസ് വ്യക്തമാക്കിയത്.

2019-ലും 2020-ലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ 0.3 ശതമാനം കുറവുണ്ടാകുമെന്ന് ജൂലായിൽ ഐ.എം.എഫ്. പ്രവചിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ രണ്ടു വർഷങ്ങളിലെയും വളർച്ചാ അനുമാനം പുനർനിർണയിച്ചിരുന്നു. 2019-ൽ ഏഴുശതമാനവും 2021-ൽ 7.2 ശതമാനവുമായിരുന്നു ഐ.എം.എഫ്. വിലയിരുത്തിയത്. ആഭ്യന്തര ആവശ്യം കുറഞ്ഞ സാഹചര്യംകൂടി വിലയിരുത്തിയാണിത്. 7.5 ശതമാനമായിരിക്കുമെന്നായിരുന്നു നേരത്തേയുള്ള അനുമാനം.

അതേസമയം, വളർച്ചനിരക്ക് കുറയുമെങ്കിലും ലോകത്തെ ഏറ്റവും വളർച്ചയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നാണ് ഐ.എം.എഫ്. വക്താവ് പറഞ്ഞു. വളർച്ചനിരക്ക് കുറയുന്ന നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്ന് റൈസ് പറഞ്ഞു.