ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). പ്രതിസന്ധി നേരിടുന്നതിൽ ഗുരുതരമായ അലംഭാവവും ഉചിതമല്ലാത്ത നടപടികളുമാണ് ആരോഗ്യമന്ത്രാലയം കൈക്കൊള്ളുന്നതെന്ന് കുറ്റപ്പെടുത്തി.

ഐ.എം.എ. ഉൾപ്പെടെയുള്ള വിദഗ്ധർ മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി. ജനങ്ങളിൽ അവബോധമുണ്ടാക്കാനോ കൂട്ടായ ജാഗ്രത ഉറപ്പാക്കാനോ നടപടിയുണ്ടായില്ല. അടിസ്ഥാന യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയായിരുന്നു തീരുമാനങ്ങൾ -ഐ.എം.എ. പ്രസ്താവനയിൽ ആരോപിച്ചു.

ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വൈറസിന്റെ കണ്ണി മുറിക്കാൻ സമ്പൂർണ ലോക്ഡൗൺ സഹായിക്കും. അതിനുപകരം ഏതാനും സംസ്ഥാനങ്ങൾ പത്തുമുതൽ 15 ദിവസം വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷമുണ്ടാക്കി. പ്രതിദിന രോഗികൾ നാലുലക്ഷത്തിലേക്ക് ഉയരുന്നതുവരെ ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രം സമ്മതിച്ചതുമില്ല. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കർഫ്യു കാര്യമായി ഗുണം ചെയ്തില്ല.

ഓക്സിജൻ ക്ഷാമത്തിലും സംഘടന കേന്ദ്രത്തെ കുറ്റപ്പെടുത്തി. മതിയായ ഉത്‌പാദനമുണ്ടായിട്ടും കാര്യക്ഷമമായി വിതരണം ചെയ്തില്ല. സാങ്കേതികവും ഭരണപരവുമായ പാടവമുള്ളവരെ ഉൾപ്പെടുത്തി ആരോഗ്യശൃംഖലയൊന്നാകെ പരിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ സർവീസ് (ഐ.എം.എസ്) രൂപവത്കരിക്കണം. പകർച്ചവ്യാധി കൈകാര്യം ചെയ്യാൻ പുതുതായി ഒരു സംയോജിത മന്ത്രാലയം രൂപവത്കരിക്കണം. ജനങ്ങളെ മുന്നിൽനിന്നു നയിക്കാൻ പ്രാപ്തിയുള്ള ഒരു മന്ത്രിയേയും നിയോഗിക്കണം -ഐ.എം.എ. ആവശ്യപ്പെട്ടു.