• എക്‌സിറ്റ് പരീക്ഷ അംഗീകരിക്കാനാകില്ല
  • വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കുപകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) സ്ഥാപിക്കാനുള്ള ബില്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.)!. ബില്ലിലെ പ്രധാന നാല് വ്യവസ്ഥകള്‍ മാറ്റണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയ ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കേയാണ് ഐ.എം.എ. എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എക്‌സിറ്റ് പരീക്ഷ വേണമെന്ന വ്യവസ്ഥ വിദ്യാര്‍ഥിതാത്പര്യത്തിന് വിരുദ്ധമാണ്. മെഡിക്കല്‍ ബിരുദധാരികളുടെ നിലവാരം അളക്കാനുള്ള എന്‍ട്രന്‍സ് മാതൃകയിലുള്ള പരീക്ഷ ക്ലിനിക്കല്‍ പഠനത്തെയടക്കം ഗുരുതരമായി ബാധിക്കാം. എക്‌സിറ്റ് പരീക്ഷ വിജയിക്കാത്ത പക്ഷം എം.ബി.ബി.എസ്. നേടിയ ഡോക്ടര്‍മാരെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുപറയുന്നത് അംഗീകരിക്കാനാകില്ല. മെഡിക്കല്‍രംഗത്ത് വീണ്ടും എന്‍ട്രന്‍സ് മാഫിയകളുടെ വേരോട്ടത്തിന് ഇത് ഇടയാക്കും- ഐ.എം.എ. സ്റ്റുഡന്‍സ് വിങ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ശ്രീജിത്ത് കുമാര്‍ പറഞ്ഞു.

ആയുഷ് ശാക്തീകരണത്തിന്റെ മറവില്‍ ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബില്ലിലൂടെ നടത്തുന്നതെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഇതര വൈദ്യമേഖലകളിലുള്ളവരെ എം.ബി.ബി.എസ്. ഡോക്ടര്‍മാരായി പരിഗണിക്കുന്നത് നീതിയല്ല. ആര്‍ക്കും ഡോക്ടറാകാമെന്ന സ്ഥിതിയിലേക്കാണ് ഇതു വഴിവെയ്ക്കുക.

ബില്ലിലെ വ്യവസ്ഥയനുസരിച്ച് 40 ശതമാനം സീറ്റുകളില്‍ മാത്രമേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇത് ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ മറ്റൊരാവശ്യം. സ്വകാര്യ കോളേജുകളിലെ 85 ശതമാനം സീറ്റുകളില്‍ സര്‍ക്കാരിനുള്ള ഫീസ് നിയന്ത്രണ അധികാരം കുറയ്ക്കുന്നത് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനം അസാധ്യമാക്കും.

ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്ന രീതി കമ്മിഷന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുമെന്നതിനാല്‍ മെഡിക്കല്‍ കൗണ്‍സിലിന് സമാനമായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പദവി നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും ഓരോ പ്രതിനിധികളെ അനുവദിക്കണം.

ബില്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഐ.എം.എ. ഭാരവാഹികളും മെഡിക്കല്‍ വിദ്യാര്‍ഥികളും ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ബുധനാഴ്ച കാണും. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കണമെന്നഭ്യര്‍ഥിച്ച് എം.പി.മാരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

അഴിമതിക്ക് പരിഹാരമോ ?
മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതിക്കും പിടിപ്പുകേടിനും അറുതിവരുത്തി സുതാര്യമായ സംവിധാനമെന്ന നിലയ്ക്കാണ് മെഡിക്കല്‍ കമ്മിഷന്‍ രൂപവത്കരിക്കാനുള്ള നീക്കം. പക്ഷേ, അഴിമതി നടത്താനുള്ള ഒട്ടേറെ പഴുതുകള്‍ ഉള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് ആരോപണം ഉയരുന്നു. കുറ്റക്കാരായ അംഗങ്ങളെ മാറ്റിനിര്‍ത്തുന്നതിനുപകരം മെഡിക്കല്‍ കൗണ്‍സില്‍ തന്നെ ഇല്ലാതാക്കുകയായിരുന്നു. അഴിമതി നിറഞ്ഞതെന്ന് സര്‍ക്കാര്‍തന്നെ സമ്മതിച്ച മെഡിക്കല്‍ കൗണ്‍സിലിന്റെ കാലാവധി കഴിഞ്ഞമാസം തീര്‍ന്നിട്ടും ഒരുവര്‍ഷത്തേക്ക് നീട്ടി നല്‍കിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.