ന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിൽ ആക്രമണം നടത്തിയ വ്യോമസേനയുടെ മിറാഷ് 2000 സ്ക്വാഡ്രൺ, പാകിസ്താന്റെ എഫ്.-16 യുദ്ധവിമാനം തകർത്ത വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ സ്ക്വാഡ്രൺ എന്നിവയെ വ്യോമസേനാദിനത്തിൽ ആദരിക്കും. വ്യോമസേനാദിനത്തിന്റ ഭാഗമായി ചൊവ്വാഴ്ച ഡൽഹിക്കടുത്തുള്ള ഹിൻഡൺ വ്യോമതാവളത്തിൽ നടക്കുന്ന വാർഷിക പരേഡിൽ സേനാ മേധാവി എയർചീഫ് മാർഷൽ രാകേഷ്‌കുമാർ സിങ് ഭദൗരിയ ഇരു സ്‌ക്വാഡ്രണുകളിലെയും കമാൻഡിങ് ഓഫീസർമാർക്ക് ബാഡ്ജുകളും സമ്മാനിക്കും. സ്ക്വാഡ്രൺ ഒമ്പത്, സ്ക്വാഡ്രൺ 51 എന്നീ പേരുകളിലാണ് യഥാക്രമം ഇവ അറിയപ്പെടുന്നത്.

മിറാഷ് 2000 യുദ്ധവിമാനങ്ങൾ അടങ്ങിയ സ്ക്വാഡ്രൺ ഒമ്പതിന്റെ ആസ്ഥാനം ഗ്വാളിയോറാണ്. ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ക്വാഡ്രൺ 51 മിഗ്-21 ബൈസൺ യുദ്ധവിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ബാലാകോട്ട് ആക്രമണത്തിനു പിന്നാലെയുണ്ടായ പാകിസ്താന്റെ വ്യോമാക്രമണത്തെ പരാജയപ്പെടുത്തിയ 601 സിഗ്നൽ യൂണിറ്റിനെയും പരേഡിൽ ആദരിക്കും. സ്ക്വാഡ്രൺ ഒമ്പതിലെ അഞ്ച് മിറാഷ് വിമാനങ്ങൾ ഉപയോഗിച്ചാണ് ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. പ്രത്യാക്രമണം നടത്താനെത്തിയ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അടങ്ങുന്ന വ്യൂഹത്തെ മിഗ് 21- ബൈസൺ ഉപയോഗിച്ചാണ് നേരിട്ടത്.

ആക്രമണങ്ങൾക്കുശേഷം അഭിനന്ദന് വീരചക്ര പുരസ്‌കാരവും മിറാഷുകൾ പറത്തിയ അഞ്ചു പൈലറ്റുമാർക്ക് വായുസേനാ പുരസ്‌കാരവും യുദ്ധവിമാനങ്ങളെ നിയന്ത്രിച്ചിരുന്ന 601 സിഗ്നൽ യൂണിറ്റിലെ സ്ക്വാഡ്രൺ ലീഡർ മിന്റി അഗർവാളിന് യുദ്ധസേവാപുരസ്‌കാരവും ലഭിച്ചിരുന്നു.

അമേരിക്കയിൽനിന്ന് വ്യോമസേന സ്വന്തമാക്കിയ ആക്രമണ ഹെലികോപ്റ്ററായ അപ്പാച്ചി, ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററായ ചിനൂക്ക് എന്നിവയുടെ പ്രകടനമാണ് ഇത്തവണത്തെ വാർഷിക പരേഡിന്റെ പ്രത്യേകത. പരേഡിന്റെ പൂർണ റിഹേഴ്‌സൽ ഞായറാഴ്ച നടന്നു.

Content Highlights: IAF to honour Abhinandan's, Mirage 2000 squadrons