ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി വ്യോമസേന.

ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും സേന വാങ്ങും. 83 തേജസ് മാര്‍ക്ക്- വണ്‍ വിമാനങ്ങള്‍, തേജസ് മാര്‍ക്ക്-രണ്ടിന്റെ പത്ത് സ്ക്വാഡ്രണുകള്‍, അഞ്ചാംതലമുറയില്‍പ്പെട്ട 36 അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് വിമാനങ്ങള്‍, പുതുതായി നിര്‍മിച്ച പരിശീലന വിമാനമായ എച്ച്.ടി.ടി.പി.-40 തുടങ്ങിയവയാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് വാങ്ങുന്നത്.

തേജസ് മാര്‍ക്ക് വണ്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ വ്യോമസേനയും എച്ച്.എ.എല്ലും നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ ഒപ്പിട്ടേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. തേജസിന്റെ 40 പ്രാഥമികപതിപ്പ് വിമാനങ്ങള്‍ ഇതിനോടകം സേന വാങ്ങിയിരുന്നു. 16-18 വിമാനങ്ങള്‍ അടങ്ങിയതാണ് തേജസ് മാര്‍ക്ക് രണ്ട് സ്ക്വാഡ്രണ്‍.

അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് വിമാനത്തിന്റെ രൂപകല്‍പ്പന ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാംതലമുറയില്‍പ്പെടുന്ന ഇന്ത്യയുടെ ആദ്യ പോര്‍വിമാനം ഇതായിരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍, യു.എസ്., ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്വന്തമായി അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്. പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനെ വ്യോമസേന അറിയിച്ചിട്ടുണ്ട്. തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനങ്ങള്‍ സേനയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ഈയിടെ ചുമതലയേറ്റ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍, ചൈന അതിര്‍ത്തികളില്‍ കുറ്റമറ്റവിധത്തില്‍ വ്യോമപ്രതിരോധം ഒരുക്കാന്‍ കുറഞ്ഞത് യുദ്ധവിമാനങ്ങളുടെ 42 സ്ക്വാഡ്രണുകളെങ്കിലും വേണമെന്നാണ് സേനയുടെ വിലയിരുത്തല്‍. നിലവില്‍, 30 സ്ക്വാഡ്രണുകള്‍ മാത്രമാണുള്ളത്.

content highlights:  IAF ready to buy 300 indigenous fighters and trainers