ചെന്നൈ: പാകിസ്താൻ സൈന്യം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർത്തമൻ തമിഴ്‌നാട് സ്വദേശി.

ചെന്നൈയ്ക്കടുത്ത് സേലയൂരിലെ ഡിഫൻസ് കോളനിയിൽ താമസിക്കുന്ന റിട്ട. എയർ മാർഷൽ സിങ്കക്കുട്ടി വർത്തമന്റെ മകനാണ് വിങ് കമാൻഡർ അഭിനന്ദൻ. എന്നാൽ, അഭിനന്ദനെ കാണാതായതിനെക്കുറിച്ച് പ്രതികരിക്കാൻ കുടുംബാംഗങ്ങൾ തയ്യാറായില്ല. അഭിനന്ദന്റെ വീട്ടിലെത്തിയ വ്യോമസേനാ അധികൃതരും പ്രതികരിച്ചില്ല.

വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അഭിനന്ദിന്റെ വീട് സ്ഥിതിചെയ്യുന്ന ജൽവായു വിഹാർ ഹൗസിങ് കോളനിലേക്ക് എത്തിയവരെ സുരക്ഷാജീവനക്കാർ തടഞ്ഞു. കോളനിയിലേക്കുള്ള ഗേറ്റ് പൂട്ടുകയും ചെയ്തു. മാധ്യമപ്രവർത്തകർ അടക്കം പുറത്തുനിന്നുള്ള ആരെയും കോളനിക്കുള്ളിലേക്ക് കടത്തിവിട്ടില്ല. അഭിനന്ദന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവണ്ണാമല സ്വദേശിയായ സിങ്കക്കുട്ടി വർത്തമൻ വ്യോമസേനയിൽനിന്ന് വിരമിച്ചതിനുശേഷം സേലയൂരിലെ കോളനിയിലാണ് താമസിക്കുന്നത്. 2004-ലാണ് അഭിനന്ദൻ വ്യോമസേനയിൽ ചേർന്നത്.

കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് അഭിനന്ദന്റെ മോചനം സാധ്യമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിനും ഇതേ ആവശ്യമുന്നയിച്ചു.