ന്യൂഡൽഹി: പാകിസ്താൻറേതെന്നു തെറ്റിദ്ധരിച്ച് സ്വന്തം ഹെലികോപ്റ്റർ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ട സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ശ്രീനഗർ വ്യോമതാവളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ എയർ ഓഫീസർ കമാൻഡിങ്ങിനെ ആ സ്ഥാനത്തുനിന്നു നീക്കി.

ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റർ ശ്രീനഗറിലെ ബുദ്ഗാമിൽ തകർന്നുവീണത്. അപകടത്തിൽ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

അതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധവിമാനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുമ്പോഴാണ് വ്യോമസേനയുടെ മിസൈലാക്രമണത്തിൽ സ്വന്തം കോപ്റ്റർ തകർന്നത്. ശ്രീനഗർ വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന കോപ്റ്ററിനുനേർക്ക് പാകിസ്താന്റേതെന്നു കരുതി മിസൈൽ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ സാങ്കേതികത്തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും വ്യോമസേനയുടെ പക്കലുള്ള ഇസ്രയേൽനിർമിത സ്പൈഡർ മിസൈൽ ആക്രമണത്തിലാണ്‌ തകർന്നതെന്ന് പിന്നീട് കണ്ടെത്തി.

വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പങ്കുള്ള ഉദ്യോഗസ്ഥരെ സൈനികവിചാരണ ചെയ്യുമെന്നാണ്‌ സൂചന. കുറ്റക്കാരാണെന്നു തെളിഞ്ഞാൽ സർവീസിൽനിന്നു പിരിച്ചുവിടലും തടവുശിക്ഷയും ഉൾപ്പെടെ നേരിടേണ്ടിവരും.

മിസൈൽ തൊടുക്കാനുള്ള ഉത്തരവുനൽകാനുള്ള അധികാരം വ്യോമതാവളത്തിലെ ടെർമിനൽ വെപ്പൺ ഡയറക്ടർ (ടി.ഡബ്ള്യു.ഡി.) പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. വ്യോമതാവളത്തിന്റെ ചുമതലയുള്ള എയർ ഓഫീസർ കമാൻഡിങ്, രണ്ടാമനായ ചീഫ് ഓപ്പറേഷൻസ് ഓഫീസർ എന്നിവർ മാറിമാറിയാണ് ഈ പദവി വഹിക്കുക. ഹെലികോപ്റ്റർ തകർന്ന സംഭവം നടക്കുമ്പോൾ ചീഫ് ഓപ്പറേഷൻസ് ഓഫീസറായിരുന്നു ടി.ഡബ്ല്യു.ഡി. പദവി വഹിച്ചിരുന്നതെന്നാണ്‌ സൂചന.

Content Highlights: IAF Missile Destroyed Its Own Chopper