ജമ്മു: ജമ്മുകശ്മീരിന്റെ സാഹോദര്യം തകർക്കാനാണ് ബി.ജെ.പി.യും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജമ്മുവിലെ ത്രികുടനഗറിൽ പാർട്ടിസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹവും ഐക്യവും തകർത്ത് ജനങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമം. ജമ്മുകശ്മീരിലെ സമ്പദ്‌വ്യവസ്ഥ താറുമാറായി. ബി.ജെ.പി. ഭരണത്തിൽ ദുർഗ, ലക്ഷ്മി, സരസ്വതി ദേവതകളുടെ അനുഗ്രഹം രാജ്യത്തിന് നഷ്ടമായി. വിവാദ കാർഷികനിയമങ്ങൾ ദുർഗാദേവിയുടെ ശക്തികുറച്ചു, നോട്ട് നിരോധനവും ജി.എസ്.ടി.യും ഉൾപ്പെടെയുള്ള സാമ്പത്തികനയങ്ങൾ ലക്ഷ്മീദേവിയുടെ ശക്തി ക്ഷയിപ്പിച്ചു, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആർ.എസ്.എസ്., ബി.ജെ.പി. കടന്നുകയറ്റം സരസ്വതീദേവിയെ ദുർബലപ്പെടുത്തി -രാഹുൽ പറഞ്ഞു.

ഒരുമാസത്തിനിടെ രണ്ടാംതവണയാണ് രാഹുൽ ജമ്മുകശ്മീർ സന്ദർശിക്കുന്നത്. വ്യാഴാഴ്ച വൈഷ്ണോദേവി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും സമ്മേളനത്തിൽ പങ്കെടുത്തു.

താനും കശ്മീരി പണ്ഡിറ്റെന്ന് രാഹുൽ

താനും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണെന്നും അഭയാര്‍ഥികളാകേണ്ടിവന്നതിലെ വേദന തനിക്കറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി.ക്കാർ തങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസിലാണ് പ്രതീക്ഷയെന്നും തന്നെ സന്ദർശിച്ച പണ്ഡിറ്റ് പ്രതിനിധിസംഘം പറഞ്ഞു. സമുദായത്തിനുവേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ, വിലകുറഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമാണ് രാഹുലിന്റേതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഗാന്ധികുടുംബവും ജവാഹർലാൽ നെഹ്രുവുമാണ് കശ്മീരിലെ പ്രശ്നങ്ങൾക്കു മുഴുവൻ കാരണക്കാരെന്ന് പാർട്ടി വക്താവ് സാംബിത് പത്ര ആരോപിച്ചു.