ന്യൂഡൽഹി: ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന് വി.ഡി. സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യപോലുള്ള ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രല്ല ഉണ്ടായിരിക്കേണ്ടത്. വിസ്മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് ആളുകൾ രാജ്യത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ, ഒരു വ്യക്തിക്കുമാത്രം രാഷ്ട്രപിതാവാകാൻ കഴിയില്ല. ഗാന്ധിജി രാഷ്ട്രപിതാവാണെന്നു കരുതുന്നില്ല. ഈ രാജ്യത്തിന് നാല്പതോ അമ്പതോ വർഷത്തെ ചരിത്രമല്ല ഉള്ളത്. അയ്യായിരം വർഷത്തിലേറെ ചരിത്രമുണ്ട്. രാഷ്ട്രപിതാവ് എന്ന സങ്കല്പം താൻ അംഗീകരിക്കുന്നില്ലെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.