ലഖ്നൗ: രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്നത് ബി.ജെ.പി. വാക്സിനാണെന്നും അതിനാൽ സ്വീകരിക്കില്ലെന്നും സമാജ്‌‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാജ്യത്തെ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവനയെന്ന് ബി.ജെ.പി. മറുപടി നൽകി.

“എങ്ങനെയാണ് ബി.ജെ.പി.യുെട വാക്സിനെ വിശ്വസിക്കാനാകുക. അതിനാൽ ഞാൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കില്ല.” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2022-ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുമ്പോൾ വാക്സിൻ സൗജന്യമായി നൽകുമെന്നും അഖിലേഷ് പറഞ്ഞു.

“അഖിലേഷിന് വാക്സിനിൽ വിശ്വാസമില്ല. അതുപോലെ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് അദ്ദേഹത്തെയും വിശ്വാസമില്ല” -ബി.ജെ.പി. നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പ്രസ്താവനയിൽ മാപ്പുപറയാൻ അഖിലേഷ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.