ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ വനിതാമൃഗ ഡോക്ടറുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.  വ്യാഴാഴ്ച ശരദ്നഗറിനുസമീപം ചതൻപള്ളി പാലത്തിൽനിന്നാണ് ശരീരം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിൽ ജോലിചെയ്യാൻ അവര്‍  പോയിരുന്നു. ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരിച്ചുവരുംവഴി തന്റെ സ്കൂട്ടർ കേടായെന്നുപറഞ്ഞ് സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. സഹായിക്കാമെന്നുപറഞ്ഞ് ഏതാനുംപേർ വണ്ടി നന്നാക്കാൻ കൊണ്ടുപോയെന്നും പേടിതോന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു.

കുടുംബാംഗങ്ങൾ പിന്നീട് അവരെ  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. മൃതദേഹം അവരുടേതാണെന്ന് അച്ഛൻ ശ്രീധർ റെഡ്ഡി തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അടുത്തുള്ള ടോൾ ഗേറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.