ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊന്നു കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി വി.എസ്. സിർപുർകറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിഷനെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചത്.

ആറുമാസത്തിനകം റിപ്പോർട്ട് നൽകണം.

മുംബൈ ഹൈക്കോടതി മുൻ ജഡ്ജി രേഖാ ബൽദോത, സി.ബി.ഐ. മുൻ ഡയറക്ടർ ഡി.ആർ. കാർത്തികേയൻ എന്നിവരാണ് മറ്റംഗങ്ങൾ. ഹൈദരാബാദ് ആസ്ഥാനമായിട്ടായിരിക്കും കമ്മിഷൻ പ്രവർത്തിക്കുക. ആദ്യ സിറ്റിങ് എന്നു നടത്തണമെന്ന് കമ്മിഷൻതലവനു തീരുമാനിക്കാം. കമ്മിഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും തെലങ്കാന സർക്കാർ ഒരുക്കണം. മൂന്നംഗങ്ങൾക്കുമുള്ള സുരക്ഷ സി.ആർ.പി.എഫ്. നൽകണം.

കേസുമായി ബന്ധപ്പെട്ട് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മിഷനിലുമുള്ള നടപടികൾ ബെഞ്ച് സ്റ്റേചെയ്തു. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തേടിയ ബെഞ്ച്, സുപ്രീംകോടതിയുടെ മറ്റൊരുത്തരവ് ഉണ്ടാകുന്നതുവരെ ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനയിലുള്ള വിഷയങ്ങളിൽ മറ്റൊരു ഏജൻസിയും അന്വേഷണം നടത്തേണ്ടന്നും നിർദേശിച്ചു.

സംഭവത്തിൽ പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് തെലങ്കാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ബോധിപ്പിച്ചു. പോലീസുദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചതിനു പ്രതികൾക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റോഹ്തഗി അറിയിച്ചു.

മരിച്ച പ്രതികളെക്കുറിച്ചുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം നടന്നാലും അവരെ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ കഴിയില്ലെന്നു കോടതി നിരീക്ഷിച്ചു. ഇത്തരമൊരു വിചാരണ ഏറ്റുമുട്ടൽ കൊലയ്ക്കുപിന്നിലെ സത്യം പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പില്ല. അതിനാൽ നാലു പേരെയും വെടിവെച്ചു കൊല്ലുന്നതിലേക്കു നയിച്ച സാഹചര്യങ്ങൾ എന്താണെന്നു കണ്ടെത്താൻ അന്വേഷണ കമ്മിഷൻ ആവശ്യമാണ്.

സത്യമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: Hyderabad encounter Judicial probe