ഹൈദരാബാദ് : തെലങ്കാനയിൽ ബലാത്സംഗക്കേസിലെ നാലുപ്രതികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം തുടങ്ങി. സീനിയർ എസ്‌.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തിയത്. ഫൊറൻസിക് വിദഗ്ധരും ഒപ്പമുണ്ട്.

വെറ്ററിനറിഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് ആരിഫ് (26), ജൊല്ലു നവീൻ (20), ജൊല്ലു ശിവ (20), ചെന്നകേശവുലു (20) എന്നിവരെ വെള്ളിയാഴ്ച പുലർച്ചെയാണ് പോലീസ് വെടിവെച്ചുകൊന്നത്. പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇവരെ വെടിവെച്ചതെന്നാണ് പോലീസ് ഭാഷ്യം. തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചത്.

മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെഹബൂബ്‌നഗർ ഗവ. ജനറൽ ഹോസ്പിറ്റലിൽ കമ്മിഷൻ ഉദ്യോഗസ്ഥർ എത്തി. നാലുപേരുടെയും മൃതദേഹം പരിശോധിച്ചു. ഇവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെക്കണ്ട് മൊഴി രേഖപ്പെടുത്തി. പിന്നീട്, സംഘം ഷാഡ്‌നഗറിലെ ചതനപ്പള്ളിയിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലം പരിശോധിച്ചു. ഷാഡ്നഗർ എ.സി.പി. പ്രകാശ് റെഡ്ഡിയോടു വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കി.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചരാത്രി എട്ടുമണിവരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി പോലീസിനു നിർദേശം നൽകി. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിച്ചത് ഹൈക്കോടതി രജിസ്ട്രാറെ ഏൽപ്പിക്കാനും ഉത്തരവിട്ടു. ഇതിനിടെ ക്രമസമാധാനനില ചൂണ്ടിക്കാട്ടി ഈ നാലുപേരുടെയും മൃതദേഹങ്ങൾ മെഹബൂബ്‌നഗർ ജനറൽ ആശുപത്രിയിൽനിന്ന് സെക്കന്തരാബാദ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ, കൊല്ലപ്പെട്ട നാലാളുടെയും പേരിൽ പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസ് ശനിയാഴ്ച കേസെടുത്തു. പ്രതികളെ വധിച്ചതിനെതിരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. കൊല്ലപ്പെട്ട ചെന്നകേശവുലുവിന്റെ ഭാര്യ രേണുക സർക്കാരിനും പോലീസിനുമെതിരേ ശനിയാഴ്ച രംഗത്തെത്തി. “തെറ്റുചെയ്ത എത്രപേർ ജയിലിൽ കിടക്കുന്നുണ്ട്. അവരെയും വെടിവെച്ചുകൊല്ലണം. അതുവരെ ഞങ്ങൾ മൃതദേഹം സംസ്കരിക്കില്ല”- അവർ മാധ്യമങ്ങളോടു പറഞ്ഞു.

Content highlights: Hyderabad encounter Human rights commission