ഹൈദരാബാദ്: ബി.ജെ.പി.ക്കെതിരേ ഇടതുമതേതര ശക്തികളുടെ വിശാലഐക്യത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടി സി.പി.എം. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ പ്രൗഢമായ തുടക്കം. ഇനിയുള്ള നാലുദിവസം സമ്മേളനത്തിലെ മുഖ്യ ചര്‍ച്ച ഇതുതന്നെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗങ്ങള്‍. മൊഹമ്മദ് അമീന്‍ നഗറില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബുധനാഴ്ച രാവിലെ 10-ന് സമ്മേളനഹാളിനുമുന്നില്‍ തെലങ്കാന കര്‍ഷകസമര നേതാവ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഗ്രസിന് തുടക്കമായത്. ആന്ധ്രക്കാരനായ യെച്ചൂരി മാതൃഭാഷയായ തെലുഗില്‍ സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രസംഗമാരംഭിച്ചത്. രാജ്യം നേരിടുന്ന ബഹുമുഖ വെല്ലുവിളികള്‍ക്ക് അദ്ദേഹം പ്രതിസ്ഥാനത്തുനിര്‍ത്തിയത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെമാത്രം. യഥാര്‍ഥ ശത്രു ഫാസിസ്റ്റുസംഘടനയായ ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി. തന്നെയെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. ആര്‍.എസ്.എസ്. -ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കുക മാത്രമായിരിക്കണം ലക്ഷ്യം. അതിന് ഇടതുപാര്‍ട്ടികളാണ് ബദല്‍ കണ്ടെത്തേണ്ടതെന്ന നിര്‍ദേശമാണ് യെച്ചൂരി വെച്ചത്.

ചടങ്ങില്‍ അധ്യക്ഷനായിരുന്ന മാണിക് സര്‍ക്കാരും ഈ ആശങ്കകളോട് യോജിച്ചു. ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി. ഭരണത്തിന്റെ അപകടത്തെപ്പറ്റിയാണ് അദ്ദേഹവും പറഞ്ഞത്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഇതിനെതിരായ ഇടപെടല്‍ വേണമെന്നും മാണിക് നിര്‍ദേശിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിച്ച ഇടതുനേതാക്കള്‍ പലരും കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിനറുതി വരുത്താന്‍ ഇടതു- മതേതര കക്ഷികളുടെ ബദല്‍ വേണമെന്ന് നിര്‍ദേശിച്ചു.

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകമാര്‍ച്ചിന്റെ വിജയത്തെപ്പറ്റി യെച്ചൂരിയടക്കമുള്ള നേതാക്കള്‍ പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സ് കൈയടിയോടെയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

മുതിര്‍ന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദന്‍, എന്‍. ശങ്കരയ്യ എന്നിവരെ വേദിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആദരിച്ചു. ലാല്‍ സലാം വിളികളോടെയാണ് സദസ്സ് ആദരം പ്രകടിപ്പിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ ബി.വി. രാഘവുലു സ്വാഗതം പറഞ്ഞു.