ന്യൂഡൽഹി: ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വത്തിന്റെ തീവ്രതയിലേക്ക്‌ വിരൽചൂണ്ടി യു.എൻ.ഡി.പി.യുടെ (ഐക്യരാഷ്ട്രസഭാ വികസന പരിപാടി) മനുഷ്യവികസന സൂചിക. 27 വർഷത്തിനിടെ ഇന്ത്യ “കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി”യെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം നിലനിൽക്കുന്നുവെന്ന് ഏറ്റവും പുതിയ യു.എൻ.ഡി.പി. റിപ്പോർട്ട് കാണിക്കുന്നു. 189 രാജ്യങ്ങളുൾപ്പെട്ട മനുഷ്യവികസന സൂചികയിൽ (എച്ച്.ഡി.ഐ.) 130-ാം സ്ഥാനത്താണ് ഇന്ത്യ.

1990 മുതൽ 2017 വരെയുള്ള 27 വർഷംകൊണ്ട്, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427-പോയന്റിൽ നിന്ന് 0.640-പോയന്റിലേക്ക് ഉയർന്നു. ആളോഹരി ദേശീയവരുമാനത്തിൽ (ജി.എൻ.ഐ.) ഇക്കാലയളവിൽ വൻകുതിച്ചുകയറ്റമുണ്ടായി. ജി.എൻ.ഐ.യിൽ ഏതാണ്ട് 226 ശതമാനം വർധനയാണ് ഇക്കാലത്തുണ്ടായത്.

എന്നാൽ, വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കുമുള്ള സൗകര്യം, വരുമാനം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോഴും പ്രകടമായ അസമത്വം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അസമത്വത്തിന്റെ തോത് കണക്കിലെടുത്താൽ 27 വർഷത്തിനിടെ ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.468 പോയന്റ് ആയി കുറഞ്ഞു. അതായത്, 26.8 ശതമാനം നിലവാരത്തകർച്ച. മറ്റു ലോകരാഷ്ട്രങ്ങളുടെ ശരാശരിയെക്കാൾ ഏറെ മോശമാണിത്.

സ്ത്രീ-പുരുഷ അസമത്വം

ആഗോളതലത്തിൽ സ്ത്രീകളുടെ എച്ച്.ഡി.ഐ. നിലവാരം പുരുഷൻമാരുടേതിനെക്കാൾ ആറുശതമാനം താഴെയാണ്. പലരാജ്യങ്ങളിലും വിദ്യാഭ്യാസത്തിലും വരുമാനത്തിലും സ്ത്രീകൾ പുരുഷൻമാർക്ക് പിന്നിലാണ് എന്നതാണ് കാരണം.

പ്രത്യുത്പാദന ആരോഗ്യം, രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയിലെ ലിംഗാസമത്വം പ്രതിഫലിപ്പിക്കുംവിധം ലിംഗാസമത്വ സൂചികയിലെ 160 രാജ്യങ്ങളിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ.

ഭരണരംഗം, വിദ്യാഭ്യാസം

ഇന്ത്യൻ പാർലമെന്റിൽ 11.6 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. രാജ്യത്തെ 39 ശതമാനം സ്ത്രീകൾക്കുമാത്രമാണ് സെക്കൻഡറിതലംവരെയുള്ള വിദ്യാഭ്യാസമെങ്കിലും സാധ്യമാകുന്നത്. എന്നാൽ, സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന പുരുഷൻമാർ 64 ശതമാനമാണ്.

തൊഴിൽ

തൊഴിലിടങ്ങളിലാണ് ഇന്ത്യയിൽ സ്ത്രീപുരുഷ അന്തരം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. 27.2 ശതമാനം ഇന്ത്യൻ സ്ത്രീകൾക്കേ തൊഴിൽ കണ്ടെത്താനാവുന്നുള്ളൂ. പുരുഷൻമാരിൽ 78.8 ശതമാനം തൊഴിൽ ചെയ്യുന്നവരാണ്. ആഗോളതലത്തിൽ സ്ത്രീത്തൊഴിലാളികൾ 49 ശതമാനവും പുരുഷ തൊഴിലാളികൾ 75 ശതമാനവുമായിരിക്കുമ്പോഴാണ് ഇന്ത്യയിൽ ഈ അന്തരം.

0.95 പോയന്റുമായി നോർവേയാണ് മനുഷ്യവിഭവ സൂചികയിൽ ഒന്നാം സ്ഥാനത്ത്. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറാണ് ഏറ്റവും അവസാനസ്ഥാനത്ത്. 0.35 പോയന്റാണ് നൈജറിന് ലഭിച്ചത്. അയർലൻഡും തുർക്കിയുമാണ് അഞ്ചുവർഷത്തിനിടെ എച്ച്.ഡി.ഐ.യിൽ സ്ഥാനം മെച്ചപ്പെടുത്തിയത്. യുദ്ധം കലുഷമാക്കിയ രാജ്യങ്ങളായ സിറിയ, ലിബിയ, യെമെൻ എന്നിവ പിന്നാക്കം പോവുകയും ചെയ്തു.

എച്ച്.ഡി.ഐ.

മൂന്ന് അടിസ്ഥാനഘടകങ്ങളിലെ പുരോഗതിയാണ് എച്ച്.ഡി.ഐ. തയ്യാറാക്കാൻ യു.എൻ.ഡി.പി. പരിഗണിക്കുന്നത്. 1) ആളോഹരി ദേശീയവരുമാനം, 2) ആയുർദൈർഘ്യം അടിസ്ഥാനമാക്കിയുള്ള ആരോഗ്യം, 3) പ്രായപൂർത്തിയായവരുടെ വിദ്യാഭ്യാസവും.