ചണ്ഡീഗഢ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനിടെ പാക് കരസേനാ മേധാവി ജാവേദ് ബജ്‌വയെ ആലിംഗനംചെയ്ത സംഭവത്തിൽ മറുപടിയുമായി പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ദു രംഗത്ത്. ഒരുമിനിറ്റുമാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നു ബജ്‌വയുമായിട്ടെന്നും ആലിംഗനം വൈകാരികം മാത്രമായിരുന്നെന്നും സിദ്ദു വ്യക്തമാക്കി. സംഭവത്തിൽ അഭിഭാഷകനായ സുദ്ധുർ ഓജ സിദ്ദുവിനെതിരേ ബിഹാറിലെ മുസഫർനഗർ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു.

ഇന്ത്യയിലെ ദേരാ ബാബ നാനാക്കിൽനിന്ന്‌ ചരിത്രപ്രധാനമായ ഗുരുദ്വാര കർതാർപുർ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണ്‌ പാകിസ്താനെന്ന്‌ ബജ്‌വ പറഞ്ഞ നിമിഷത്തിലാണ്‌ താൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതെന്നും സിദ്ദു വ്യക്തമാക്കി.

പാക്കധീന കശ്മീരിന്റെ പ്രസിഡന്റ് മസൂദ് ഖാന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നതിനും അദ്ദേഹം മറുപടി നൽകി. ഓഗസ്റ്റ് 18-ന് ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ തന്റെ ഇരിപ്പിടം അവസാനമാണ്‌ മാറിയതെന്നും എന്നാൽ, അടുത്തിരുന്നത് ആരാണെന്ന് അറിയില്ലായിരുന്നെന്നും സിദ്ദു പറഞ്ഞു. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടുള്ള ആദരസൂചകമായാണ്‌ താൻ ചടങ്ങിൽ പങ്കെടുത്തതെന്നും ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുലരാനാണ് ആഗ്രഹിക്കുന്നതെന്നും സിദ്ദു കൂട്ടിച്ചേർത്തു.

“രാഷ്ട്രീയപരമായ സന്ദർശനമായിരുന്നില്ല അത്. പഴയ സുഹൃത്തിൽനിന്ന്‌ ലഭിച്ച ക്ഷണമാണ്‌ കാരണം. പാകിസ്താനിൽനിന്ന് എനിക്ക്‌ സ്നേഹം ലഭിച്ചു. എന്നാൽ, ഇന്ത്യയിൽനിന്നുള്ള ചില പ്രതികരണങ്ങൾ നിരാശപ്പെടുത്തി. പാകിസ്താൻ വിസ നൽകിയതിനുപിന്നാലെ നമ്മുടെ സർക്കാരും അനുമതി നൽകിയിരുന്നു” -സിദ്ദു പറഞ്ഞു. 2015-ൽ ലഹോറിൽ അപ്രതീക്ഷിതസന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രസിഡന്റ് നവാസ് ഷരീഫിനെ ആലിംഗനംചെയ്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ചടങ്ങിൽ പങ്കെടുത്ത സിദ്ദുവിന്‌ നന്ദിപറഞ്ഞ് ഇമ്രാനും രംഗത്തെത്തി. ഇന്ത്യയിൽനിന്ന് അദ്ദേഹത്തിനെതിരായ വരുന്ന ആരോപണങ്ങൾ ഉപഭൂഖണ്ഡത്തിലെ സമാധാനാന്തരീക്ഷത്തിനെതിരാണെന്നും അദ്ദേഹം ആരോപിച്ചു.

“സിദ്ദു സമാധാനത്തിന്റെ അംബാസഡറാണ്. പാക് ജനങ്ങളിൽനിന്ന് അദ്ദേഹത്തിന് അഭൂതപൂർവമായ സ്നേഹമാണ്‌ ലഭിച്ചത്”-ഖാൻ ട്വീറ്റ് ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന കശ്മീരടക്കമുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെമാത്രമേ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ്‌ സിദ്ദുവിനെതിരേ കോടതിയിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച കോടതി അടുത്തയാഴ്ച കേസിൽ വാദംകേൾക്കും.