: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കയിലെ ‘ഹൗഡി മോദി’ പരിപാടിയുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നൽകിയ വിവരങ്ങളിൽ കുരുങ്ങി കോൺഗ്രസ് നേതാവ് ശശി തരൂർ.

മോദിക്ക് കിട്ടിയതിനെക്കാൾ വലിയ സ്വീകരണം ജവാഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹത്തിനും മകൾ ഇന്ദിരാഗാന്ധിക്കും മുന്നൊരുക്കമൊന്നുമില്ലാതെ കിട്ടിയതായി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ കൂടെ നൽകിയ ചിത്രം മാറിപ്പോയി. ഇന്ദിരാഗാന്ധിയുടെ പേര് ഇന്ത്യ ഗാന്ധി എന്ന് തെറ്റിയതും പരിഹാസ്യമായി. സമൂഹമാധ്യമങ്ങളിൽ തരൂരിനെതിരേ വലിയതോതിൽ ട്രോളുകളാണ് ഇറങ്ങിയത്. തരൂരിന് അബദ്ധംപറ്റിയതാണെന്ന് കോൺഗ്രസ് വക്താവ് ശർമിഷ്ഠ മുഖർജി പത്രസമ്മേളനത്തിൽ പറഞ്ഞു.

‘ഹൗഡി മോദി’ പരിപാടിയുടെ വിജയത്തിനുകാരണം പബ്ലിക് റിലേഷനും മാധ്യമപ്രചാരണവും വിദേശ ക്രൗഡ് മാനേജ്‌മെന്റ് സംവിധാനവുമാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാൽ, ഇങ്ങനെയൊന്നുമില്ലാതെ നെഹ്രുവിനും ഇന്ദിരയ്ക്കും 1954-ലെ യു.എസ്. സന്ദർശനവേളയിൽ വൻവരവേൽപ്പ്‌ ലഭിച്ചിരുന്നതായും തരൂർ എഴുതി. ജനം തിങ്ങിനിറഞ്ഞ വഴിയിലൂടെ തുറന്ന കാറിൽ നെഹ്രുവും ഇന്ദിരയും സഞ്ചരിക്കുന്ന ചിത്രവും നൽകി. എന്നാൽ, ഈ ചിത്രം നെഹ്രുവിന്റെ 1955-ലെ യു.എസ്.എസ്.ആർ. സന്ദർശനത്തിനിടെ എടുത്തതായിരുന്നു.

താൻ നൽകിയ ചിത്രം മാറിപ്പോയതാണെന്ന് വ്യക്തമായതോടെ വിശദീകരണവുമായി തരൂർ രംഗത്തെത്തി. അതങ്ങനെയാണെങ്കിലും താൻ നൽകാനുദ്ദേശിച്ച സന്ദേശത്തിന് മാറ്റമില്ലെന്ന് തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ‘മുൻ പ്രധാനമന്ത്രിമാരും വിദേശങ്ങളിൽ ജനപ്രീതി അനുഭവിച്ചിരുന്നു. നരേന്ദ്രമോദി ആദരിക്കപ്പെടുമ്പോൾ ഇന്ത്യയാണ് ആദരിക്കപ്പെടുന്നത്. ഇന്ത്യയോട് ആദരം’ - തരൂർ ട്വിറ്ററിൽ നിലപാട് വ്യക്തമാക്കി.